Real Madrid set new unbeaten record with last-gasp draw against Sevilla

മഡ്രിഡ് : കിങ്‌സ് കപ്പില്‍ സെവിയ്യയെ മറികടന്ന് റയല്‍ മഡ്രിഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാല്‍പതു മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നേറിയെന്ന സ്പാനിഷ് റെക്കോര്‍ഡ് റയല്‍ സ്വന്തമാക്കി.

കിങ്‌സ് കപ്പില്‍ റയലിനെ ശരിക്കും വെള്ളംകുടിപ്പിച്ച കളിയാണു സെവിയ്യ പുറത്തെടുത്തത്. എഴുപത്തേഴാം മിനിറ്റ് വരെ 31നു പിന്നിലായിരുന്നു റയല്‍.

എണ്‍പത്തിമൂന്നാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ സ്‌കോര്‍ 32 ആയി. കാസിമിറോയെ വീഴ്ത്തിയതിനു കിട്ടിയ പെനല്‍റ്റിയാണു ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഗോളാക്കിമാറ്റിയത്.

കളിയുടെ അന്ത്യനിമിഷങ്ങളില്‍ മാര്‍സീലോയുടെ പാസില്‍ കരിംബെന്‍സീമയുടെ വലങ്കാലനടി സെവിയ്യ ഗോളി ഡേവിഡ് സോറിയയെ പൂര്‍ണമായും കീഴ്‌പ്പെടുത്തി വലയിലെത്തിയതോടെ റയല്‍ സമനില പിടിച്ചു.

ഇതോടെ സ്‌കോര്‍: 33.ഇരുപാദങ്ങളിലുമായി 6-3 ഗോളുകളോടെ റയല്‍ കിങ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സെവിയ്യ മനോഹരമായി കളിച്ചുവെന്നും കളിയുടെ രണ്ടാം പകുതിയില്‍ റയല്‍ തനിസ്വരൂപം പുറത്തെടുത്തുവെന്നും കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

കളിയുടെ പത്താം മിനിറ്റില്‍ത്തന്നെ സെവിയ്യ ലീഡ് നേടി. ഡാനിലോയുടെ ഹെഡര്‍ ഗോള്‍. മാര്‍ക്കോ അസന്‍സിയോ റയലിനു വേണ്ടി ഗോള്‍ മടക്കി. സ്റ്റീവന്‍ ജോവെറ്റിക്കും വിസെന്‍ഷ്യ ഇബറോയുമാണു സെവിയ്യയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ഏപ്രിലില്‍ വിഎഫ്എല്‍ വൂള്‍സ്ബര്‍ഗിനോടു തോറ്റശേഷം റയല്‍ വീണ്ടും തോല്‍വി മണക്കുകയാണെന്ന തോന്നലുണ്ടായി. എന്നാല്‍ റാമോസ് തനിക്കു കിട്ടിയ പെനല്‍റ്റി കിക്ക് പനേങ്ക സ്‌റ്റൈലില്‍ ഗോളാക്കി. ഗോള്‍ ചിപ്പ് ചെയ്തു സാവധാനം ഗോളിയുടെ തലയ്ക്കു മുകളിലൂടെ കോരിയിടുന്ന പെനല്‍റ്റി കിക്ക് ശൈലിയാണിത്. കരുത്തുറ്റ ഷോട്ട് പ്രതീക്ഷിച്ച ഗോളിയെ തീര്‍ത്തും നിരായുധനാക്കുന്ന ശൈലി.

Top