അസാധു നോട്ടുകള്‍ തിരികെയെത്തിയിട്ടും എണ്ണിതീര്‍ന്നിട്ടില്ലെന്ന്‌ ആര്‍ബിഐ

money

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ അസാധു നോട്ടുകള്‍ കൃത്യമായി എണ്ണി തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്.

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജ നോട്ടുകള്‍ കണ്ടെത്തുന്നതിനുമാണ് എണ്ണല്‍ തുടരുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച് 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ മടങ്ങിയെത്തിയിരുന്നു. 2016 നവംബര്‍ 8ലെ കണക്ക് പ്രകാരം 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു ആര്‍ബിഐ റിപ്പോര്‍ട്ട്. എന്നാല്‍ 15.28ലക്ഷം കോടിയാണ് തിരികെ എത്തിയത്.

ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. 59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍, നോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

Top