ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ വെങ്കലമെഡലുമായി അപൂര്‍വി ചന്ദേല- രവികുമാര്‍

ജക്കാര്‍ത്ത: ഷൂട്ടിങ്ങില്‍ അപൂര്‍വി ചന്ദേല- രവികുമാര്‍ സഖ്യത്തിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇരുവരും വെങ്കലം നേടിയത്. ഫൈനലില്‍ 429.9 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഇവര്‍ വെങ്കലനേട്ടം കരസ്ഥമാക്കിയത്.

ഈ ഇനത്തില്‍ ചൈനീസ് തായ്‌പേയ് സ്വര്‍ണവും വെള്ളിയും നേടി. പുരുഷവിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനലിലെത്തി. ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയം (1:58:12) കുറിച്ചാണ് സജന്‍ ഫൈനല്‍ പ്രവേശനം നേടിയത്. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മല്‍സരം നടക്കുന്നത്.

അതേസമയം, 2018 ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈന കരസ്ഥമാക്കി. വുഷുവ ചാങ്ഗ്വാന്‍ വിഭാഗത്തില്‍ പെയ് യുവാന്‍ സുന്‍ ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ഇന്ത്യയുടെ അന്‍ജുല്‍ നാംദിയോ അഞ്ചാം സ്ഥാനത്താണ്.

Top