സ്വന്തം മണ്ണില്‍ അടിത്തറയിളകി ചെന്നിത്തല, പ്രതിപക്ഷ നേതൃസ്ഥാനം ത്രിശങ്കുവിലായി . .

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന്റെ പരാജയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയപരാജയമായി മാറുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അനുകൂലഘടകങ്ങള്‍ ഏറെയുണ്ടായിട്ടും രമേശ് ചെന്നിത്തലയുടെ നാടായ ചെങ്ങന്നൂരില്‍ സ്വന്തം ഗ്രൂപ്പുകാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വിജയത്തിനായി കാര്യമായി വിയര്‍പ്പൊഴുക്കാഞ്ഞത് കനത്ത തിരിച്ചടിയായി.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്ന പി.സി വിഷ്ണുനാഥ് മത്സരിച്ച ചെങ്ങന്നൂരില്‍ ബി.ജെ.പിയിലേക്കു മറിഞ്ഞവോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് വിജയകുമാറെന്ന സ്വന്തം ഗ്രൂപ്പുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജാതി, മത, സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സ്വന്തം രാഷ്ട്രീയ വളര്‍ച്ചക്ക് എന്നും തുണച്ച നായര്‍ വോട്ടുകള്‍ സമാഹരിക്കാന്‍പോലും ചെന്നിത്തല മെനക്കെട്ടില്ല.

യു.ഡി.എഫ് സര്‍ക്കാരില്‍ താക്കോല്‍സ്ഥാനമായ ആഭ്യന്തരമന്ത്രി സ്ഥാനം നേടാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ ഇറക്കി കളിച്ച ചെന്നിത്തല പക്ഷേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നായര്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ ചെറുവിരലനക്കിയില്ല. എസ്.എന്‍.ഡി.പിയുടെ വോട്ടുകള്‍ക്കുവേണ്ടിപോലും ഒരു ശ്രമവുമുണ്ടായില്ല. ഇടതുസര്‍ക്കാരുമായി അടവുനയം സ്വീകരിക്കുന്ന പ്രതിപക്ഷനേതാവിന് സര്‍ക്കാരിന്റെ പഴിവുകളും തെറ്റുകളും വോട്ടര്‍മാരുടെ മുന്നിലെത്തിക്കാനും കഴിഞ്ഞില്ല.

യു.ഡി.എഫുമായി പിണങ്ങിപ്പോയ കെ.എം മാണിയെ യു.ഡി.എഫിലെത്തിച്ച് വിജയകുമാറിനു വേണ്ടി പ്രചരണത്തിനെത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞിട്ടും സ്വന്തം ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കുന്നതില്‍ ചെന്നിത്തല സമ്പൂര്‍ണ്ണ പരാജയമായി മാറുകയായിരുന്നു. ചെങ്ങന്നൂര്‍ പരാജയം യു.ഡി.എഫിലും ചെന്നിത്തലയുടെ നില പരുങ്ങലിലാക്കും.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന നിലപാടാണ് യു.ഡി.എഫിലെ രണ്ടും മൂന്നും കക്ഷികളായ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും നേരത്തെ ഉന്നയിക്കുന്നത്. നിയമസഭയിലെ യു.ഡി.എഫിന്റെ പരാജയം ഏറ്റെടുത്ത് സ്ഥാനമാനങ്ങള്‍ വഹിക്കാനില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കടുംനിലപാടുകാരണമാണ് പ്രതിപക്ഷനേതൃസ്ഥാനം ചെന്നിത്തലക്ക് ലഭിച്ചത്. അവിചാരിതമായി ലഭിച്ച പ്രതിപക്ഷ നേതൃത്വ സ്ഥാനംപോലും കൈവിടുമെന്ന സൂചനയാണ് ചെങ്ങന്നൂര്‍ പരാജയം ചെന്നിത്തലക്കു നല്‍കുന്ന സൂചന. ലീഗും മാണിയും കടുത്ത നിലപാടെടുത്താല്‍ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും ചെന്നിത്തലക്ക് പടിയിറങ്ങേണ്ടി വരും.

Top