ഭരിക്കാന്‍ അറിയാവുന്നവര്‍ക്ക് കസേര കൈമാറി ആശ്വാസം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ കഴിയില്ലെന്നതിന് ഇനിയും കൂടുതല്‍ തെളിവ് നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രയും വേഗം ഭരിക്കാന്‍ അറിയാവുന്നവര്‍ക്ക് കസേര കൈമാറി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ ഇപ്പോഴത്തെ വഴിപിഴച്ച പോക്കില്‍ പിണറായി വിജയന്‍ ഒഴികെ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

ഔദ്യോഗിക വാഹനം ഓടിക്കുന്ന ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചു, പരുക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയില്‍. നോമ്ബ് തുറയ്ക്ക് വിഭവങ്ങളുമായി പോയ ഉസ്മാനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു, ഉസ്മാന്‍ ആശുപത്രിയില്‍. ഗണേഷ്‌കുമാര്‍ എംഎല്‍എ വാഹനത്തില്‍ നിന്ന് ഇറക്കി മര്‍ദ്ദിച്ചു, പരുക്കേറ്റ അനന്തുകൃഷ്ണന്‍ ആശുപത്രിയില്‍.

ഈ മൂന്ന് വാര്‍ത്തകളും കേള്‍ക്കുമ്ബോള്‍ കുറ്റവാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തുകാണുമെന്നാണ് നാം സ്വാഭാവികമായി കരുതുന്നത്. എന്നാല്‍ ഗാവസ്‌കര്‍, ഉസ്മാന്‍, അനന്തുകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തത്. അതായത് ശക്തരായവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി ഇരകളാക്കപ്പെട്ടവരും ദുര്‍ബലരുമായ സാധാരണക്കാര്‍ ജാമ്യമില്ലാത്ത വകുപ്പില്‍ കുറ്റക്കാരായി.

സാമൂഹ്യ നീതി എന്നൊരു സാധനം ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ട ആവശ്യമില്ല എന്ന നിലപാടുമായാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മുന്നോട്ടു പോകുന്നത്. പൊലീസിന്റെ ഇപ്പോഴത്തെ വഴിപിഴച്ച പോക്കില്‍ പിണറായി വിജയന്‍ ഒഴികെ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. ജനങ്ങളോടുള്ള നല്ല പെരുമാറ്റം എങ്ങനെയാണെന്ന ടൂഷന്‍ ക്ലാസില്‍ ഇരുന്ന ശേഷമാണ് പൊലീസ് ഇത്രമേല്‍ വഷളായത്.

മുഖ്യമന്ത്രീ, താങ്കളെകൊണ്ട് ഈ വകുപ്പ് ഭരിക്കാന്‍ കഴിയില്ലെന്ന് കൂടുതല്‍ കൂടുതല്‍ തെളിവ് ഇനിയും നല്‍കരുത്. എത്രയും വേഗം ഭരിക്കാന്‍ അറിയാവുന്നവര്‍ക്ക് കസേര കൈമാറി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുക, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top