ramba statement

ചെന്നൈ: വിവാഹമോചന വാര്‍ത്തയില്‍ വിശദീകരണവുമായി നടി രംഭ.വിവാഹമോചനത്തിനായി ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നുവെന്നും രംഭ പറഞ്ഞു.

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് താന്‍ കോടതിയെ സമീപിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ നടി രംഭ രംഗത്തെത്തിയത്.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രംഭ തന്റെ നയം വ്യക്തമാക്കുന്നത്. തന്റെ സഹോദരന്‍ മുഖേനയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചതെന്ന് രംഭ സൂചിപ്പിക്കുന്നുണ്ട്.

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചെന്നായിരുന്നു ഇന്നലെ വാര്‍ത്തകള്‍ വന്നത്.

അതേസമയം വിഷയത്തില്‍ രംഭയുടെ അടുത്ത സുഹൃത്തും നടിയുമായ ഖുഷ്ബു താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രംഭയുടെ ജീവിതത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നും അവര്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സുഖമായി ജീവിക്കുന്നുവെന്നും ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നിരുന്ന രംഭ വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കനേഡിയന്‍ പൗരനും തമിഴ് വംശജനുമായ ഇന്ദ്രന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലും സജീവസാന്നിധ്യമായിരുന്ന രംഭ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.

Top