തുഷാർ പുറത്ത് , വി. മുരളീധരൻ രാജ്യസഭ അംഗമാകും, കേന്ദ്ര മന്ത്രിയാകാനും സാധ്യത !

V Muralidharan

ന്യൂഡല്‍ഹി: ബി.ഡി.ജെ.എസിന്റെ സകല കണക്ക് കൂട്ടലുകളും തകര്‍ത്ത് ബി.ജെ.പി ദേശീയ നേതൃത്വം. ഒടുവില്‍ അര്‍ഹതക്കുള്ള അംഗീകാരം കേരളത്തിലെ ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ രാജ്യസഭയിലെത്തുന്നതാകട്ടെ വി.മുരളീധരന്‍.

ഇതോടെ മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാമുഖ്യം കിട്ടാനുള്ള സാഹചര്യമാണിപ്പോള്‍ ഉരുതിരിഞ്ഞിരിക്കുന്നത്. തീരുമാനം ഉടനെ ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിക്കും.

എ.ബി.വി.പി യിലൂടെയാണ് മുരളീധരന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്നത്. ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തി ബി.ജെ.പിയെ സമർദ്ദത്തിലാക്കി രാജ്യസഭാ സീറ്റ് നേടാനായിരുന്നു തുഷാറിന്റെ ശ്രമം. അല്ലങ്കിൽ ബി.ഡി.ജെ.എസ് മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇതിനായി ബുധനാഴ്ച വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശത്താൽ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗവും വിളിച്ചിട്ടുണ്ട്.

എന്നാൽ ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം ആർ.എസ്.എസിന്റെ നിലപാടുകൂടി പരിഗണിച്ച് ബി.ജെ.പി കേരള ഘടകത്തിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള വി.മുരളീധരന് നറുക്ക് വീഴാൻ കാരണം അദ്ദേഹത്തിന് എ.ബി.വി.പി കാലഘട്ടം മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ച പരിചയം ഉള്ളത് കൊണ്ടാണ് എന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിൽ നിന്നും ഇതോടെ നാല് എം.പിമാരാകും ബി.ജെ.പിക്ക്. നടൻ സുരേഷ് ഗോപി , അൽഫോൺസ് കണ്ണന്താനം , ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെ എന്നിവരാണ് മറ്റു മൂന്ന് പേർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നതോടെ കേരളത്തിലെ ബി.ജെ.പിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുമെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്.

ഇടതിലും വലതിലും അടുപ്പിക്കാത്ത തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ആണ് ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത്. നാണക്കേട് സഹിച്ച് അവർ എൻ.ഡി.എയിൽ തുടരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Top