രാജ്യസഭാ തിരഞ്ഞെടുപ്പ് ഇടതുപക്ഷം മൂന്ന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്ന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ബാക്കിയാകുന്ന പത്തൊമ്പത് എം.എല്‍.എല്‍മാരെ വച്ച് മൂന്നാമനെ ജയിക്കാനായില്ലെങ്കിലും ഒരു എതിര്‍പ്പെങ്കിലും ഉയര്‍ത്താമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാംഗമായ ജോസ്.കെ.മാണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബാധ്യത ഇടതുമുന്നണിക്കുമുണ്ടെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കോൺഗ്രസ്സിലേയും യു. ഡി. എഫിലേയും തമ്മിലടി ഇപ്പോൾ അവരുടെ ആഭ്യന്തരകാര്യം മാത്രമല്ലാതായിരിക്കുന്നു. അഞ്ചുവർഷത്തേക്ക് ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ലോക്സഭാംഗത്തെ ഒരു നീതീകരണവുമില്ലാതെ രാജ്യസഭയിലേക്കയക്കുന്നു. കോട്ടയത്തെ ജനങ്ങളുടെ എം. പി ഇനിമുതൽ ആരാണ്? അവർക്കൊരു ലോക്സഭാംഗം വേണ്ടെന്നാണോ? ഇനി ഒരു ഉപ തെരഞ്ഞെടുപ്പുണ്ടാവില്ല എന്നു കേൾക്കുന്നു. ഒരു വർഷം ഒരു എം. പിയില്ലാതെ കോട്ടയത്തുകാർ എന്തിനു കഴിയണം? അഞ്ചുകോടി എം. പി. ഫണ്ട് ജനങ്ങൾക്ക് എന്തിനു നഷ്ടപ്പെടണം?കേരളാകോൺഗ്രസ്സിൽ ഈ പദവി കൊടുക്കാൻ ആണായിപ്പിറന്നവരാരും ഇല്ലേ? കർഷകർക്കു ഗുണം കിട്ടുമെന്നു പറയുന്ന കേരളാ കോൺഗ്രസ്സുകാർ അടുത്ത ഒരു വർഷം ലോക്സഭയിൽ കൃഷിക്കാർക്കുവേണ്ടി ഒരു ചോദ്യം ചോദിക്കാനെങ്കിലും ഒരു എം. പി വേണ്ടേ എന്നു ചോദിച്ചാൽ എന്തുത്തരമാണ് നിങ്ങൾക്കുള്ളത്. ലോക്സഭയിൽ ചോദിക്കേണ്ടത് രാജ്യസഭയിൽ ചോദിക്കാമെന്നു പറഞ്ഞാൽ അതെങ്ങനെ ശരിയാവും. എന്തിനീ വൃത്തികെട്ട നാടകങ്ങൾ ? ഇതൊക്കെയായിട്ടും സി. പി. എം ഒന്നും മിണ്ടുന്നില്ല. വി. എം. സുധീരൻ മുതൽ കെ. ജയന്ത് വരെയുള്ള കോൺഗ്രസ്സുകാർ മുഴുവനും ഇതിനെതിരെ രംഗത്തുവന്നിട്ടും ഇടതുപക്ഷെം മിണ്ടാത്തത് വർഗ്ഗീയപ്രീണനത്തെ എതിർക്കാനാവാത്തതുകൊണ്ടാണ്. യു. ഡി. എഫിനോട് ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ സി. പി. എം രാജ്യസഭാതെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സ്ഥാനാർത്ഥിയെ മൽസരിപ്പിക്കണം. പത്തൊൻപത് എം. എൽ. എ മാർ ബാക്കിയുണ്ടല്ലോ. ജയിക്കാനായില്ലെങ്കിലും ഒരു എതിർപ്പെങ്കിലും ഉയർത്താമല്ലോ. രാജ്യസഭാംഗങ്ങൾ തെരഞ്ഞെടുപ്പിൽ മൽസരിച്ച് ലോക്സഭാംഗമാവുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ നീക്കം അസാധാരണമാണ്. വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള ബാധ്യത ഇടതുമുന്നണിക്കുമുണ്ട്.

Top