ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍ എംപി ; രാജ്‌നാഥ് സിംഗിന് കത്തയച്ചു

Rajeev Chandrasekhar

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍ എംപി. കേസില്‍ സിബിഐ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു.

കേസിനെക്കുറിച്ചും ശ്രീജിത്ത് ആരോഗ്യസ്ഥിതിയെക്കുറിച്ചും വിശദമാക്കുന്നതാണ് കത്ത്. കേസില്‍ അടിയന്തിരമായി ഇടപെടണമെന്നും കേസ് എത്രയും പെട്ടെന്ന് സിബിഐയെ ഏല്‍പ്പിക്കണമെന്നും കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ സമരം 765 ദിവസത്തിലേയ്ക്ക് എത്തുമ്പോള്‍ യുവാവിന് പിന്തുണയുമായി സൈബര്‍ ലോകവും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടികള്‍ ശ്രീജിത്തിന് വേണ്ടി സംഘടിപ്പിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചിരുന്നത്.

Top