‘ഇവന്റെ എല്ലാ വിദ്യാഭ്യാസ ചെലവും ഞാന്‍ ഏറ്റെടുക്കും’; യാസിനെ അഭിനന്ദിച്ച് രജനി

yasin copy

ളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരന്‍ യാസിനെ നേരിട്ട് കാണാനെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു. തന്റെ പണമല്ല അത് എന്ന് മനസിലാക്കിയ യാസിന്‍ സ്‌കൂള്‍ അധികൃതര്‍ വഴി ആ പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ സത്യസന്ധത നേരിട്ട് അംഗീകരിക്കാനാണ് രജനി നേരിട്ടെത്തിയത്.

യാസിന്‍ പണം തിരിച്ചേല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജനികാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യാസിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും രജനികാന്ത് ഉറപ്പു നല്‍കിയിട്ടുണ്ട്.

‘യാസിന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും. എന്തു പഠിക്കണമെങ്കിലും ഞാന്‍ പഠിപ്പിക്കും, എന്റെ മകനായി തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്’. രജനി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നസേമൂര്‍ പഞ്ചായത്തിലെ യൂണിയന്‍ മിഡില്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാസിന്‍ എന്ന ഏഴുവയസുകാരന് പണമടങ്ങുന്ന ബാഗ് ലഭിച്ചത്. ഉടന്‍ തന്നെ യാസിന്‍ ഈ വിവരം ക്ലാസ് ടീച്ചറായ വി. ജയന്തി ബായ്യെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ പ്രധാനധ്യാപിക വഴി പൊലീസ് സ്റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ചു.

Top