രജനിക്ക് തമിഴക പൊലീസിന്റെ ബിഗ് സല്യൂട്ട് ! വെല്ലുവിളി അതിജീവിക്കാൻ കരുത്തെന്ന് . . .

rejanikanth

ചെന്നൈ: സിനിമയെ വെല്ലുന്ന ഷാര്‍പ്പ് ഡയലോഗോടെ തമിഴകത്തെ ഞെട്ടിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് തമിഴക പൊലീസിന്റെ സല്യൂട്ട്.

തൂത്തുക്കുടി വെടിവയ്പില്‍ ആകെ പ്രതിരോധത്തിലായ പൊലീസിനു വേണ്ടി ഏറ്റവും ശക്തമായി പ്രതികരിച്ചത് നടന്‍ രജനീകാന്താണ്.

പൊലീസുകാരനെ വളഞ്ഞിട്ട് ഒരു സംഘം ആക്രമിക്കുന്ന ദൃശ്യം സ്വന്തം ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത് പ്രതിഷേധിച്ച രജനി തൂത്തുക്കുടിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിനു ശേഷം നടത്തിയ പ്രതികരണത്തില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞു കയറിയാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്ന് തുറന്നടിച്ചിരുന്നു.

ഇതിനു ശേഷം തിരിച്ച് വിമാനത്താവളത്തില്‍ രജനിയുടെ പ്രതികരണത്തില്‍ പ്രതിഷേധം ഉയര്‍ന്നത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടവെയാണ് എല്ലാവരെയും ഞെട്ടിച്ച പ്രതികരണം ഉണ്ടായത്.

rejani 2

പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കാക്കി യൂണിഫോമിട്ട ആരെ തൊട്ടാലും താന്‍ അത് അംഗീകരിക്കില്ലന്നും രജനി തുറന്നടിച്ചു.

ഞെട്ടലോടെയാണ് തമിഴകം ഈ വാക്കുകളെ ശ്രവിച്ചത്.സിനിമയില്‍ രജനി പറയുന്ന ഡയലോഗുകളെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു പ്രകടനം.

തൂത്തുക്കുടിയില്‍ ആരാണ് കുഴപ്പമുണ്ടാക്കിയതെന്ന് തനിക്ക് അറിയാമെന്നും രജനി തുറന്നടിച്ചു. ജല്ലിക്കെട്ടില്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കിയതുപോലെ ഇവിടെയും നുഴഞ്ഞു കയറുകയായിരുന്നു. പൊലീസിനെ അടിച്ചതും കളക്ടറുടെ ഓഫീസ് തകര്‍ത്തതും അവരാണ്. എനിക്ക് എങ്ങനെ അറിയുമെന്ന് നിങ്ങള്‍ ചോദിക്കണ്ട. എനിക്ക് അറിയാം മാധ്യമ പ്രവര്‍ത്തകരുടെ വായടപ്പിച്ച് രജനി പറഞ്ഞു.

ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രജനി ആവശ്യപ്പെട്ടു.

രജനീകാന്തിന്റെ ഈ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് ഡി.എം.കെ, സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ, നടന്‍ ശരത് കുമാര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പറയുന്നതാണ് രജനി പറയുന്നതെന്നാണ് അവരുടെ ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്കിടയിലും പൊലീസിനെ അടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിലപാട് തിരുത്താന്‍ രജനി തയ്യാറായിട്ടില്ല. ജയലളിതയുടെ കാലത്ത് ആയിരുന്നെങ്കില്‍ സാമൂഹ്യ വിരുദ്ധര്‍ ഇങ്ങനെ അഴിഞ്ഞാടാന്‍ ധൈര്യപ്പെടില്ലായിരുന്നു എന്ന് പറയുക വഴി രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന താനും ആ വഴിക്ക് തന്നെ പോകുമെന്ന വ്യക്തമായ സന്ദേശമാണ് രജനി നല്‍കുന്നത്.

rejani 3

സിനിമാക്കാരനായ രജനിയെ അല്ല ഒരു ശക്തനായ ഭരണാധികാരിയുടെ മുഖഭാവങ്ങളും നിലപാടുകളുമാണ് രജനിയുടെ വിവാദ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

എന്തിനും ഏതിനും സമരമെന്ന നിലപാട് ശരിയല്ലന്നും അത് നാടിനെ പിറകോട്ട് പോക്കുമെന്നും രജനി മുന്നറിയിപ്പു നല്‍കി.

തൂത്തുക്കുടി വെടിവയ്പ്പില്‍ 13 പേര്‍ മരണപ്പെട്ടിട്ടും ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴകത്ത് പരാജയപ്പെട്ടിരുന്നു.

ഇത്രയും വലിയ സംഭവം ഉണ്ടായിട്ടും പ്രതിഷേധത്തെ തൂത്തുക്കുടിയില്‍ തളച്ചിടാനും ഒതുക്കാനും പൊലീസിന് കഴിഞ്ഞത് രജനിയെ പോലെയുള്ള മുന്‍നിര താരങ്ങള്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ ആക്കാതെ ഇരുന്നത് കൊണ്ടാണ്.

കൃത്യമായി അവിടെ എന്താണ് നടന്നതെന്ന് ‘ബോധ്യപ്പെടുത്തുന്ന’ വീഡിയോകള്‍ സൂപ്പര്‍ താരങ്ങളെയടക്കം കാണിച്ച് തമിഴക പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലാണ് കാര്യങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തിലാക്കിയത്.

ഈ സംഭവം കേരളത്തില്‍ ആയിരുന്നു നടന്നതെങ്കില്‍ സര്‍ക്കാര്‍ തന്നെ രാജി വയ്‌ക്കേണ്ടി വരികയോ പിരിച്ചു വിടപ്പെടുകയോ ചെയ്യുമായിരുന്നു.

വെടിവയ്പ്പിന് ഉത്തരവിട്ട എസ്.പിയെ സ്ഥലം മാറ്റുക മാത്രമാണ് തമിഴക സര്‍ക്കാര്‍ ചെയ്തത്. സംഭവത്തെ കുറിച്ച് ഏകാങ്ക ജുഡീഷ്യല്‍ കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. തലൈവര്‍ രജനീകാന്ത് മുഖ്യമന്ത്രി ആകണമെന്ന് ഇപ്പോള്‍ തമിഴകത്ത് ഏറ്റവും അധികം ആഗ്രഹിക്കുന്നത് പൊലീസാണ്. രജനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിന് വന്‍ സുരക്ഷയാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ടി. അരുണ്‍ കുമാര്‍

Top