രജനി കാലുപിടിച്ചാലും ‘കാലാ’ പുറത്ത് തന്നെ, കന്നട പ്രതിഷേധക്കാർക്ക് പിന്നിൽ സർക്കാർ ?

kala

ബെംഗളൂരു: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കാലു പിടിച്ചാലും കനിയില്ലെന്ന വാശിയില്‍ കന്നട സംഘടനകള്‍.

രജനി നായകനായ ‘കാലാ’ സിനിമ കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നടന്‍ പ്രകാശ് രാജിന്റെ ആവശ്യം തള്ളിയാണ് കന്നട സംഘടനാ നേതാവ് വാട്ടാല്‍ നാഗരാജ് ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.

ആര്‍.എസ്.എസ് നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സര്‍ക്കാറുകളുടെ കൂടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നീക്കമെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ‘കാലാ’ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ പോകാന്‍ പ്രത്യേക ബസ്സുകള്‍ ഏര്‍പ്പാടാക്കുന്ന തിരക്കിലാണ് രജനി ഫാന്‍സ്.

kala

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകയ്‌ക്കെതിരായി രജനീകാന്ത് രംഗത്തെത്തിയതാണ് കാലാ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനു പിന്നില്‍. ഇക്കാര്യത്തില്‍ രജനീകാന്ത് മാപ്പുപറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് കര്‍ണ്ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ മാപ്പു പറഞ്ഞാലും കര്‍ണ്ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ കന്നഡ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. വരും നാളുകളില്‍ പ്രതിഷേധം ശക്തമാക്കാനാണ്‌
ഇവരുടെ തീരുമാനം.

kala

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നു ഫിലം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി പ്രശ്‌നം പരിഹാരമില്ലാതെ സജീവമായി നിലനിര്‍ത്തുന്നതിന്റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും കാലയും കാവേരിയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നുമായിരുന്നു ചലച്ചിത്രതാരം പ്രകാശ് രാജ് ചോദിച്ചത്. പറയുന്ന കാര്യങ്ങളെപ്പറ്റി രജനി കൂടുതല്‍ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാലാ അല്ല കാവേരിയാണു തനിക്കു പ്രധാനമെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നത്.

ഇതിനിടെ ‘കാലാ’ക്ക് കന്നട മണ്ണില്‍ പ്രദര്‍ശന അനുമതിയില്ലെങ്കില്‍ തമിഴകത്ത് കന്നട സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ് സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

Top