ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം

പിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം. 95 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് സാധ്യത നിലനിർത്തി. സ്കോർ ചെന്നൈ 20 ഓവറിൽ 176–4, രാജസ്ഥാൻ 19.5 ഓവറിൽ 177–6.

ബാറ്റ്‌സ്മാൻമാർ കാര്യമായ സംഭാവന നല്കാതിരുന്നതോടെ ആശങ്കയിലായ രാജസ്ഥാനെ ബട്‌ലറുടെ അർധശതകം ശതകമാണ് കരകയറ്റിയത്. ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 12 റൺസാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്ട്രൈക്ക് എടുത്ത ബട്‌ലർക്ക് ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തിൽ രണ്ടു റൺസ്, ബട്‌ലർ എഡ്ജ് ചെയ്ത മൂന്നാം പന്ത് വായുവിൽ ഏറെനേരം ഉയർന്നുപൊങ്ങി.ക്യാച്ചെന്ന് കാണികൾ ഉറപ്പിച്ച നിമിഷം! എന്നാൽ ബോളിങ് ഫോളോത്രൂവിൽ ബാലൻസ് നഷ്ടമായി ബ്രാവോ നിലത്തുവീണതിനാൽ ക്യാച്ചിനു ശ്രമിക്കാൻ പോലുമായില്ല. പന്ത് സുരക്ഷിതമായി ഗ്രൗണ്ടിലേക്ക്; ഇതിനിടെ ബട്‌ലർ രണ്ടുറൺസ് കൂടി പൂർത്തിയാക്കി. നാലാം പന്തിൽ സിക്സടിച്ച ‌ബട്‌ലർ അഞ്ചാം പന്തിൽ സിംഗിൾ നേടി. റണ്ണൗട്ട് ശ്രമം ഓവർത്രോയിൽ കലാശിച്ചതോടെ രണ്ടാം റൺസും മൽസരവും രാജസ്ഥാൻ വരുതിയിലാക്കി.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് മികച്ച ടച്ചിലായിരുന്ന അമ്പാട്ടി റായിഡുവിനെ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷെയ്ൻ വാട്സണും റെയ്നയും ഒന്നിച്ചതോടെ ചെന്നൈ സ്കോർ ബോർഡിൽ റണ്ണൊഴുക്കു തുടങ്ങി. എന്നാൽ 13–ാം ഓവറിനു ശേഷം രാജസ്ഥാൻ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ വമ്പൻ സ്കോർ പ്രതീക്ഷിച്ച ചെന്നൈ 176 ൽ ഒരുങ്ങുകയായിരുന്നു.

Top