രാജസ്ഥാനിലെ ബസ് അപകടത്തില്‍ ഒന്‍പത് മരണം ; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലുണ്ടായ ബസ് അപകടത്തില്‍ ഒന്‍പത് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഹരിദ്വാറില്‍ നിന്നും കാശിയിലേക്കു പോയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും പത്തു കിലോ മീറ്റര്‍ അകലെയുള്ള ഗോവര്‍ധന്‍ വിലാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

മറ്റു രണ്ടു വാഹനങ്ങളുമായുള്ള കൂട്ടി മുട്ടല്‍ ഒഴിവാക്കാനായി ശ്രമിച്ചപ്പോള്‍ ബസ് ഡ്രൈവറുടെ കയ്യില്‍ നിന്നും ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അഞ്ചു പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മറ്റ് നാലു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Top