തട്ടിപ്പ് കേസില്‍ രജനികാന്തിന്റെ ഭാര്യക്കെതിരെ വിചാരണ ഉടന്‍ ആരംഭിക്കണം: സുപ്രീംകോടതി

kochadayan

ന്യൂഡല്‍ഹി: രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിനെതിരെ സുപ്രീംകോടതി. വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ ലതാ രജനികാന്തിനെതിരേ ഉടന്‍ വിചാരണ ആരംഭിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യകമ്പനിയാണ് ലതയ്‌ക്കെതിരേ പരാതി നല്‍കിയത്. ലത ഡയറക്ടറായുള്ള മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കടം വാങ്ങിയ ഇനത്തില്‍ 6.2 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് പരാതി. ലതയ്‌ക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കിയാലുടന്‍ വിചാരണ ആരംഭിക്കാനാണ് കോടതി ഉത്തരവ്.

2014 ല്‍ പുറത്തിറങ്ങിയ കൊച്ചടയാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മീഡിയാകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് പരസ്യ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയത്. കൊച്ചടയാന്റെ സഹനിര്‍മാതാക്കളിലൊരാളായ ലതാ രജനികാന്ത് പതിനാല് കോടി രൂപയാണ് കമ്പനിയില്‍ നിന്ന് വാങ്ങിയത്.

6.2 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ലത പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം ആഡ് ബ്യൂറോ പ്രൈവറ്റ് ലിമിറ്റഡ് പരാതി നല്‍കിയത്. എന്നാല്‍ ലതയ്‌ക്കെതിരേയുള്ള നടപടി ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ ഫോട്ടോ റിയലിസ്റ്റിക് പരീക്ഷണമായിരുന്നു കൊച്ചടയാന്‍. ഏറെ അവകാശവാദങ്ങളോടു കൂടി പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. സൗന്ദര്യ രജനികാന്താണ് കൊച്ചടയാന്‍ സംവിധാനം ചെയ്തത്.

Top