രജനീകാന്ത് ദളപതിയുടെയും ‘തല’യുടെയും പിന്തുണ തേടി, പുതിയ തമിഴകം ലക്ഷ്യമെന്ന്

Rajnikanth in Politics

ചെന്നൈ: സുപ്പര്‍സ്റ്റാര്‍ രജനികാന്ത് യുവതാരങ്ങളായ ദളപതി വിജയ്, തല അജിത്ത് എന്നിവരുടെ പിന്തുണ തേടി.

ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളോടും രജനി സഹകരണം തേടിയതെന്നാണ് തമിഴകത്ത് നിന്നും പുറത്തുവരുന്ന വിവരം.

വീഡിയോ കോളിലൂടെയായിരുന്നുവത്രെ ആശയവിനിമയം.

രജനി കഴിഞ്ഞാല്‍ തമിഴകത്ത് ഏറ്റവും അധികം സ്വാധീനമുള്ള താരങ്ങളാണ് വിജയ്, അജിത്ത് എന്നിവര്‍.

വന്‍ മാധ്യമ ശൃംഘലയുടെ പിന്‍ബലമുള്ള ഡി.എം.കെയും ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും രജനിക്കെതിരെ പ്രാദേശിക വികാരം ഉയര്‍ത്തിവിടാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സിനിമാ മേഖലയുടെ പിന്തുണ രജനിക്ക് അനിവാര്യമാണ്.

താരങ്ങളെ ദൈവതുല്യം കാണുന്ന തമിഴകം രജനി തൂത്ത് വാരുമെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്.

ഇതിനു തടയിടാന്‍ ഇപ്പോള്‍ ആത്മീയ രാഷ്ട്രീയമെന്ന രജനിയുടെ വാക്കുകള്‍ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും ബോധപൂര്‍വമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

കര്‍ണ്ണാടകക്കാരനായ രജനി എന്തിന് തമിഴകം ഭരിക്കണം എന്ന ചോദ്യമാണ് പ്രതിപക്ഷവും ഭരണപക്ഷവും പ്രധാനമായും ഇപ്പോള്‍ ഉയര്‍ത്തുന്നത്.

ഈ പ്രചരണങ്ങള്‍ക്കെതിരെ താരങ്ങള്‍ ഒന്നടങ്കം രംഗത്ത് വരണമെന്നതാണ് രജനി ആരാധകരുടെയും ആവശ്യം.

എം.ജി.ആര്‍, ജയലളിത സര്‍ക്കാറുകള്‍ക്ക് ശേഷം ഒരു താരത്തെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്താന്‍ ലഭിക്കുന്ന അവസരം പാഴാക്കരുതെന്ന അഭിപ്രായം സീനിയര്‍ സിനിമാ പ്രവര്‍ത്തകരും മുന്നോട്ട് വയ്ക്കുന്നു.

എന്നാല്‍ ഡി.എം.കെയും, അണ്ണാ ഡി.എം.കെയും താരങ്ങള്‍ രജനിയെ പിന്തുണച്ചാല്‍ ‘വിവരമറിയുമെന്ന’ നിലപാടിലാണ്.

സകല സ്വാധീനവും ഉപയോഗിച്ച് ഇരു വിഭാഗവും താരങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദവും തുടങ്ങിക്കഴിഞ്ഞു.

ഇതിനിടയിലാണ് രാഷ്ട്രീയ നേതൃത്വങ്ങളെ അത്ഭുതപ്പെടുത്തി രജനി തന്നെ നേരിട്ട് യുവ സൂപ്പര്‍താരങ്ങളുടെ സഹായം തേടിയിരിക്കുന്നത്.

രജനി സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നത് എന്നതിനാല്‍ പരസ്യമായി പിന്തുണക്കാന്‍ മറ്റ് തടസ്സങ്ങള്‍ താരങ്ങള്‍ക്ക് ഉണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ തമിഴ് താരസംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ രജനിയുള്‍പ്പെട്ട മിക്ക താരങ്ങളും ഇപ്പോള്‍ മലേഷ്യയിലാണ്.

ഇവിടെ വച്ച് സിനിമാ മേഖലയിലെ പ്രമുഖരുമായി രജനി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top