രാഷ്ട്രീയ അനിശ്ചിതത്തിനൊടുവില്‍ രജനീകാന്ത് ബിജെപിയിലേക്കോ ? മോദിയുമായി ഉടന്‍ കൂടിക്കാഴ്ച

ചെന്നൈ: രാഷ്ട്രീയപ്രവേശനം വൈകില്ലെന്ന് ആരാധകര്‍ക്ക് മറുപടി നല്‍കിയ നടന്‍ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും.

അടുത്ത ആഴ്ച തന്നെ രജനീകാന്ത് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി ഡല്‍ഹിക്ക് പോകുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരം.

ചില ബിജെപി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ തീരുമാനമായിട്ടില്ല രജനിയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനമടക്കമുള്ള നിര്‍ണായക കാര്യങ്ങള്‍ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച ഒ.പനീര്‍സെല്‍വം നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാവും രജനീകാന്ത് – മോദി കൂടിക്കാഴ്ച എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ തമിഴ്‌നാട് ഭരിക്കുന്ന പളനിസ്വാമി സര്‍ക്കാരിനോട് അത്ര നല്ല ബന്ധമല്ല ബിജെപിക്കുള്ളത്.

എഐഡിഎംകെയിലെ പ്രമുഖ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ റെയ്ഡുകള്‍ക്ക് ശേഷമാണ് ശശികലയേയും അനന്തരവന്‍ ടിടിവി ദിനകരനേയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സംഘവും തള്ളിപ്പറഞ്ഞതും ഒപിഎസ് പക്ഷവുമായി അവര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതും.

രണ്ടാഴ്ച മുന്‍പ് ബിജെപി ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ സെക്രട്ടേറിയറ്റിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയും പളനിസ്വാമിക്കുമിടയിലെ പാലമാണ് വാനതിയെന്നാണ് സംസ്ഥാനബിജെപി നേതാക്കള്‍ തന്നെ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ആ ഒരു ദിവസം കൊണ്ട് മാത്രം 1083 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

ഈ സംഭവങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബിജെപിയുടെ തമിഴകത്തെ ബിജെപിയുടെ രാഷ്ട്രീയതാല്‍പര്യം എങ്ങനെയാണെന്ന് വ്യക്തമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം രജനി – മോദി കൂടിക്കാഴ്ചയെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം പറയുന്നത്.

രണ്ടായി പിളര്‍ന്ന എഐഎഡിഎംകെ വീണ്ടും യോജിക്കുമെന്നും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് തങ്ങളെന്നും തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.

Top