ലേറ്റായാലും ലേറ്റാസ്റ്റായി വരുവേൻ, രജനിക്ക് പുതിയ പാർട്ടിയെന്ന് സഹോദരൻ

ബെഗളൂരു : ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. രജനി സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സഹോദരന്‍.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഈ വര്‍ഷം ജൂലൈയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരന്‍ സത്യനാരായണ റാവുവാണ് വ്യക്തമാക്കിയത്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന, സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ടാണ് ജൂലായില്‍ രാഷ്ടിയ പ്രവേശനമുണ്ടാകുമെന്ന വെളിപ്പെടുത്തല്‍ സഹോദരന്‍ നടത്തിയത്.

രജനി ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളിയ സത്യനാരായണ റാവു, സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടാകും രജനി രാഷ്ട്രീയത്തില്‍ വരികയെന്നും വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും രജനിയുടെ സഹോദരന്‍ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു അഭ്യൂഹങ്ങള്‍ ശരിവച്ച് സത്യനാരായണ പറഞ്ഞു.

ഇതുവരെയുള്ള പ്രതികരണം പോസിറ്റീവ് ആണെന്നതിനാല്‍, ഉടന്‍തന്നെ തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുമെന്ന് സത്യനാരായണ പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വന്‍ തുകകളാണ് വകയിരുത്തുന്നത്. ഇതുപക്ഷേ ദരിദ്രരായ ജനങ്ങളിലേക്ക് എത്തുന്നില്ല. സൂപ്പര്‍സ്റ്റാറിന്റെ വരവോടെ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top