റയില്‍വേ ബുക്കിങ്ങ്: ഡബിറ്റ് കാര്‍ഡ് സൗകര്യം ഇനി 6 ബാങ്കുകള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ഐ.ആര്‍.സി.ടി.സി. നിന്ന് വിലക്കി.

ഓരോ പണമിടപാടിനും യാത്രക്കാരില്‍ നിന്ന് ഫീസ് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറാത്തതിനാലാണ് ഈ തീരുമാനം.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ആറ് ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ നിലവില്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ.

നോട്ട് നിരോധനത്തിന് ശേഷം ഐ.ആര്‍.സി.ടി.സി യാത്രാക്കാരില്‍ നിന്ന് ഈടാക്കിയിരുന്ന കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കിയിരുന്നു.

20 രൂപയായിരുന്നു ഓണ്‍ലൈന്‍ പണമിടപാടിന് റയില്‍വേ യാത്രക്കാരാല്‍ നിന്ന് ഈടാക്കിയിരുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ പല ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയേകുന്ന നിലപാടാണ് സ്വീകരിച്ചത്.

നിരവധി തവണ ഐ.ആര്‍.സി.ടി.സി ആവശ്യപ്പെട്ടെങ്കിലും കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം പല പ്രമുഖ ബാങ്കുകളും തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നടപടി.

പ്രശ്‌നപരിഹാരത്തിന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി ഐ.ആര്‍.സി.ടി.സി ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി 16ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ നിര്‍ദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 2000 വരെയുള്ള പണമിടപാടിന് 10 രൂപയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത്.

Top