ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.

ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ ദൈന്യം ദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്.

വിവേക് നാരായണന്റെ വസതിയിലും ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുകയാണ് വി.കെ ശശികല. കഴിഞ്ഞ ഓഗസ്റ്റില്‍ ഐ.എ.ഡി.എംകെയുടെ രണ്ട് വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിരുന്നെങ്കിലും ശശികലയുടെ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top