കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ്, ഹാര്‍ഡ് ഡിസ്‌കും സിസിടിവിയും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും സിസിടിവിയും പോലീസ് പിടിച്ചെടുത്തു.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവുമായി ബന്ധപ്പെട്ടാണ് കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡു നടത്തിയത്. 21 സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് പരിശോധിച്ചു. സിസിടിവിയിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സിസിടിവിയും ഹാര്‍ഡ് ഡിസ്‌കുകളും ആവശ്യപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പതിനാല് സിസിടിവിയാണ് മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഏഴ് എണ്ണം പ്രവര്‍ത്തനരഹിതമാണ്. സംഭവം നടന്ന മുറിയില്‍ സിസിടിവികള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.

Top