രാഹുലിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയം: ആര്‍എസ്എസ് രംഗത്തെത്തി

Rahul Gandhi

നാഗ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതു നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്ന വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രാഹുല്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ അറിയിച്ചു. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ ദളിത് വിരുദ്ധ പ്രസ്താവനകളെന്ന പേരില്‍ രാഹുല്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

‘എന്നെക്കുറിച്ചും സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെക്കുറിച്ചും രാഹുല്‍ ഗാന്ധി കള്ളത്തരങ്ങളാണു പ്രചരിപ്പിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. ഇത്തരം പ്രചരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി.

ആര്‍എസ്എസ് – ബിജെപി സംഘടനകളുടെ നിലപാടുകള്‍ ദളിത് വിരുദ്ധമെന്നു വിമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലെ ട്വീറ്റ്. ദലിതുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെയും രാഹുല്‍ ചോദ്യം ചെയ്തിരുന്നു.

മധ്യപ്രദേശില്‍ ജോലിക്കായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെ എസ്സി, എസ്ടി എന്നു നെഞ്ചില്‍ വരച്ച സംഭവം, 2016ല്‍ ഉനയില്‍ ദളിതുകള്‍ക്കെതിരെ നടന്ന അക്രമം എന്നീ ദൃശ്യങ്ങളുള്‍പ്പെടെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണു രാഹുല്‍ പോസ്റ്റ് ചെയ്തത്.

ഹിന്ദു സമൂഹത്തിലുള്ള അസമത്വം ഒഴിവാക്കുന്നതിനു ഭരണഘടന തന്നെ വ്യവസ്ഥ ചെയ്യുന്നതാണു സംവരണമെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. അസമത്വം ഒഴിവാക്കാനാണു സംഘടന എന്നും ശ്രമിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ നിലവാരമില്ലാത്ത രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്നും വൈദ്യ വ്യക്തമാക്കി.

Top