1000, 500 നോട്ടുകള്‍ മോദിക്ക് ഇഷ്ടമല്ലായിരിക്കും, നോട്ട് നിരോധനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Rahul-Gandhi

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

എങ്ങനെയാണ് മോദിയുടെ തലയില്‍ നോട്ട് അസാധുവാക്കലെന്ന തന്ത്രം ഉദിച്ചതെന്ന് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റിസര്‍വ് ബാങ്കിനും രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു പോലും നോട്ട് നിരോധനത്തിന്റെ ലക്ഷ്യത്തെ പറ്റി മനസിലാക്കാനായിട്ടില്ല. മോദിക്ക് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപകല്പന ഇഷ്ടമല്ലായിരിക്കാമെന്നും രാഹുല്‍ പരിഹസിച്ചു.

വല്ല യുക്തിയുമുണ്ടെന്ന് കരുതിയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ വിശ്വസിച്ചത്. രാജ്യത്ത് ഉണ്ടായിരുന്ന കള്ളപ്പണവും വെളുപ്പിച്ചു എന്നതാണ് നോട്ട് അസാധുവാക്കലിന്റെ വിജയമെന്നും കുത്തകള്‍ക്കു വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ 15.28 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളും തിരിച്ചെത്തിയെന്നും നോട്ട് നിരോധനത്തെ തുടര്‍ന്ന് തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.

Top