‘ആന്‍സര്‍ മാഡി മോഡി’ മോദിക്കു മുന്നില്‍ ചോദ്യങ്ങളുടെ പട്ടിക നിരത്തി രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കവേ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകളുടെ എണ്ണം ചൂണ്ടിക്കാണിച്ച് രാഹുല്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 11 പേരെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഈ 11 പേരെ കുറിച്ച് താങ്കള്‍ എപ്പോള്‍ സംസാരിക്കുമെന്ന ചോദ്യമാണ് രാഹുല്‍ മോദിയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ‘ആന്‍സര്‍ മാഡി മോഡി’ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.

‘പ്രിയപ്പെട്ട മോദിജി, നിങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. പ്രശ്‌നം എന്തെന്നു വെച്ചാല്‍ നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ പ്രവൃത്തികളുമായി പൊരുത്തപ്പെടുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പിലെ നിങ്ങളുടെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഒരു ബാലപാഠം. ‘കര്‍ണാടകാസ് മോസ്റ്റ് വാണ്ടഡി’ന്റെ ഒരു എപ്പിസോഡ് പോലെയുണ്ട് ഇത്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണവും വിശദാംശങ്ങളും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഈ തിരഞ്ഞെടുപ്പില്‍ റെഡ്ഡി ബ്രദേഴ്‌സ് ഗാങിനു നല്‍കിയ എട്ടു ടിക്കറ്റുകളെക്കുറിച്ച് അഞ്ച് മിനിറ്റ് സംസാരിക്കാമോയെന്ന് രാഹുല്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

Top