കോണ്‍ഗ്രസ്സില്‍ ഇനി രാഹുല്‍ യുഗം ; പതിനേഴാമത് അധ്യക്ഷനായി ചുമതലയേറ്റു

rahul gandhi

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതിനേഴാമത് പ്രസിഡന്റായി ചുമതലയേറ്റു.

എഐസിസി ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിലാണ് കോണ്‍ഗ്രസ്സിലെ രാഹുല്‍ യുഗത്തിന് തിരിതെളിച്ചത്.

അമ്മയും നിലവിലെ പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തു.

മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിനു കൈമാറിയതോടെയാണ് രാഹുല്‍ ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്.

കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫലകം അദ്ദേഹത്തിന് കൈമാറി.

Untitled-1-rahul-gandhi

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും മുതിര്‍ന്ന നേതാക്കളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്നതിനാല്‍ മുന്‍ പ്രതിരോധ മന്ത്രിയും എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി ചടങ്ങില്‍ പങ്കെടുത്തില്ല.

രാഹുലിന്റെ സ്ഥാനാരോഹണം പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

രാവിലെ തന്നെ എ.ഐ.സി.സി ആസ്ഥാനത്തിന് മുമ്പില്‍ ഗംഭീര ആഘോഷമാണ് നടക്കുന്നത്.

സോണിയാ ഗാന്ധി പ്രസിഡന്റായ കാലം ചരിത്ര നേട്ടങ്ങളുടേതായിരുന്നെന്നും, പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചടങ്ങിനിടെ അറിയിച്ചു.

10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ രാജ്യം റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചിരുന്നെന്നും മന്‍മോഹന്‍ പറഞ്ഞു.

രാജ്യത്ത് മാറ്റത്തിന്റെ വഴി തെളിക്കാനും, പാര്‍ട്ടിയെ പുതിയ ഉയരത്തിലെത്തിക്കാനും രാഹുലിന് കഴിയുമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

Top