മറ്റുള്ളവരുടെ രീതികളെ പിന്തുടരുകയല്ല അവര്‍ക്കൊപ്പം മുന്നേറുകയാണ് വേണ്ടത്: രഘുറാം രാജന്‍

reghuram-rajan

കൊച്ചി: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഭാഗമാവാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. മറ്റുള്ളവരുടെ രീതികളെ പിന്തുടരുകയല്ല അവര്‍ക്കൊപ്പം മുന്നേറുകയാണ് വേണ്ടതെന്നും മുന്‍ ഐഎംഎഫ് ഡയറക്ടര്‍ കൂടിയായ രഘുറാം രാജന്‍ പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാ ണ്. നമുക്കതിന്റെ ഇരകളാകാനാകില്ല. നാമതിന്റെ ഭാഗമാകേണ്ടിയിരിക്കുന്നു. അതിനു സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ നമ്മള്‍ പൂര്‍ണ മായും വിദേശ സാകേതിക വിദ്യകള്‍ ഉപയോഗിക്കുന്നവരായി മാറുമെന്നും സ്വന്തമായി ഒന്നും ഇല്ലാത്തവരായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


രഘുറാം രാജന്റെ പ്രസംഗത്തില്‍ നിന്ന്:

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും റോബോട്ടുകളുടെ വികാസവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമോ എന്ന ഭയമാണ് നമ്മെ ഭരിക്കുന്നത്. ഇപ്പോഴുള്ള പല തൊഴിലുകളും ഇല്ലാതാകുമെന്ന് തീര്‍ച്ചയാണെങ്കിലും അതിലേറെ അവസരങ്ങള്‍ പുതിയ സാങ്കേതിക വികാസം സൃഷ്ടിക്കും. വ്യവസായവത്കരണം വന്നപ്പോള്‍ മെഷീനുകള്‍ മനുഷ്യരുടെ ജോലികള്‍ ഇല്ലാതാക്കുമോ എന്ന ഭയം സമൂഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് തൊഴിലില്ലായ്മ ഗണ്യമായി കുറയുകയാണ് ചെയ്തത്.

മെഷീനുകള്‍ കൂടുതല്‍ മെച്ചപ്പെടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് ഭാവി നമ്മിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അതിനൊത്ത വേഗത്തിലല്ല സൂഹമെന്ന നിലയില്‍ നമുക്കുണ്ടാകുന്ന മാറ്റം. നമ്മള്‍ നാം സ്വയം കരുതുന്നത്ര ‘ഗ്ലോബല്‍ ‘ അല്ല.

കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നത് ഫയലുകളിലൂടെയാണ്. സാങ്കേതിക മുന്നേറ്റം കൊണ്ട് ഇന്ത്യ പോലൊരു രാജ്യത്ത് വലിയ വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കും.

കൃത്യമായ ഡാറ്റ അനാലിസിസ് വഴി ഒരാളുടെ രോഗനിര്‍ണയം നടത്താന്‍ ഒരു റോബോട്ടിന് സാധിക്കും. അതുകൊണ്ട് ഒരു ഡോക്ടറുടെ ജോലി ഇല്ലാതാക്കില്ല. മറിച്ച്, മുന്‍കൂട്ടി മെഷീന്‍ രോഗനിര്‍ണയം നടത്തിയ രോഗിയെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടര്‍ക്ക് കുറഞ്ഞ സമയം മതി. അതായത് ഒരു ഡോക്ടര്‍ക്ക് അഞ്ച് രോഗികളുടെ സ്ഥാനത്ത് 20 രോഗികളെ ചികിത്സിക്കാം. ഇന്ത്യ പോലൊരു രാജ്യത്ത് വിദൂര മേഖലകളില്‍ പോലും അത് എത്രമാത്രം ഗുണകരമാകും.

മനുഷ്യരാണ് ഏറ്റവും വേഗത്തിലും കുറഞ്ഞ ചെലവിലും പ്രോഗ്രാം ചെയ്യാനാകുന്ന മെഷീനുകള്‍, ഏറ്റവും ഫ്‌ളക്‌സിബിളായ റോബോട്ടുകള്‍, രഘുറാം രാജന്‍ പറഞ്ഞു.

Top