r ashwin talks

ഒരു കാര്യത്തിലും നിലപാട് വ്യക്തമാക്കാന്‍ സാധിക്കാനാകാത്ത അവസ്ഥയാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍ .

ഏതെങ്കിലും വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ പിന്നീട് നമുക്ക് സമാധാനം ലഭിക്കില്ല. വീടിനു നേരെ വരെ കല്ലേറുണ്ടാകുന്നു. എനിക്കും എന്റെ കുടുംബത്തിനും ജീവിക്കണം. ഞങ്ങള്‍ എപ്പോഴും ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്നു.

ചെന്നൈയുടെ ഹൃദയഭാഗത്ത് സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ സ്‌നേഹിക്കുന്ന എന്റെ രാജ്യത്ത് നിന്ന് പലായനം ചെയ്യേണ്ട ആവശ്യം എനിക്കില്ല’ അശ്വിന്‍ പറയുന്നു.

പല കാര്യത്തിലും നിലപാട് വ്യക്തമാക്കുന്നതിനാല്‍ പലര്‍ക്കും തന്നെ ഇഷ്ടമല്ലെന്നും ചുരുങ്ങിയത് ആയിരം പേരെങ്കിലും തന്നോട് രാഷ്ട്രീയമായ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കരുതെന്നും കുഴപ്പത്തില്‍ ചെന്നു ചാടരുതെന്നും ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും മിണ്ടാതിരിക്കണം, അതാണ് എല്ലാവര്‍ക്കും വേണ്ടത്. ഇങ്ങനെ പോവുകയാണെങ്കില്‍ നമ്മുടെ രാജ്യത്ത് എങ്ങനെ പുരോഗതിയുണ്ടാകും? മറ്റുള്ളവര്‍ വായ തുറന്ന് സംസാരിക്കണം എന്ന് ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. പക്ഷേ എന്റെ മനസാക്ഷിയോടെങ്കിലും ഞാന്‍ നീതി കാണിക്കേണ്ടേ? അശ്വിന്‍ ചോദിക്കുന്നു.

തന്റെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ജെല്ലിക്കെട്ട് മുതല്‍ മുഖ്യമന്ത്രിയാകാനുള്ള കരുനീക്കങ്ങള്‍ വരെ. ആരെങ്കിലും ഈ കാര്യങ്ങള്‍ മൂക്കു കയറിട്ട് നിയന്ത്രിക്കണം. തമിഴ്‌നാട് മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു പരിഹാസകഥാപാത്രമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ അധിക സമയം ചെലവഴിക്കാറില്ലെന്നും ഒരുപാട് മാലിന്യം നിറഞ്ഞതാണ് സോഷ്യല്‍ മീഡിയയെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. കള്ളത്തരങ്ങളും സെന്‍സേഷനിലസവും ഒഴിവാക്കി സത്യം അതു പോലെ പറയാനുള്ള ബാധ്യത പത്രങ്ങള്‍ക്കാണെന്നും അശ്വിന്‍ പറയുന്നു.

Top