puttingal fire accident Nalini Netto against TP Senkumar

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറിയും ഡിജിപി സെന്‍കുമാറും തമ്മിലുളള പോരില്‍ ത്രിശങ്കുവിലായി പൊലീസ് ഉദ്യോഗസ്ഥര്‍.

പുറ്റിങ്ങല്‍ അപകടവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി തിരുത്തല്‍ വരുത്തിയെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജി വിജിലന്‍സ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് അപ്രതീക്ഷിത നീക്കവുമായി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് അയച്ച കത്തില്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതോടൊപ്പം ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് എങ്ങനെ പൊലീസ് അനുമതി നല്‍കിയെന്നും ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കേണ്ടതില്ലന്നും വകുപ്പ് നടപടികള്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയാല്‍ മതിയെന്നുമുള്ള പൊലീസ് തലപ്പത്തെ ‘ധാരണ’ കള്‍ക്കിടെയാണ് അപ്രതീക്ഷിതമായ ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടല്‍. ഇതോടെ ഇനി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

2016 ഏപ്രില്‍ 10ന് പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 111 പേരാണ് മരിച്ചത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് അധികൃതര്‍ക്ക് മുന്നില്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്നതിനായി എഡിജിപി തസ്തികയിലെ ഉന്നത ഉദ്യോഗസ്ഥന്‍, ഒരു മുന്‍ എംപി എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് പുറത്ത് വന്നിരുന്ന വിവരം.

ജില്ലാ പൊലീസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്ന കളക്ടര്‍ ഷാനിമോളുടെ നടപടി പൊലീസും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഭിന്നതയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കളക്ടറുടെ ഭാഗത്തും സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ പൊലീസിന്റെ പക്ഷത്തും ശക്തമായി നിലയുറപ്പിച്ചത് ഐഎഎസ്-ഐപിഎസ് പോരായും ചിത്രീകരിക്കപ്പെട്ടിരുന്നു.

കളക്ടറുടെ ആരോപണത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ തുറന്ന് കാട്ടിയാണ് പൊലീസ് പ്രതിരോധിച്ചിരുന്നത്. പൊലീസില്‍ ക്ലീന്‍ ഇമേജുള്ള പ്രകാശായിരുന്നു സംഭവ സമയത്ത് കൊല്ലം കമ്മീഷണര്‍ എന്നതിനാല്‍ ഫോഴ്‌സിന്റെ മുഴുവന്‍ പിന്തുണയും കൊല്ലം പൊലീസിനൊപ്പമായിരുന്നു.

ഏറെ കുറേ പ്രശ്‌നങ്ങള്‍ കെട്ടടങ്ങി എന്ന് വിചാരിച്ച സമയത്താണ് നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നത്. ഇതിന് പിന്നില്‍ ഐ പി എസ് കൈകളുണ്ടെന്നാണത്രെ ആഭ്യന്തര സെക്രട്ടറിയുടെ നിഗമനം. ഇതോടെയാണ് പൊലീസ് സേനയെ ഞെട്ടിച്ച് കൊണ്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അവര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ആഭ്യന്തര സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശമായതിനാല്‍ ഡിജിപിക്ക് അന്വേഷണത്തിന് ഉത്തരവിട്ടേ പറ്റൂ. അതല്ലങ്കില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് ധാരണയിലെത്തേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണ്.

Top