പാര്‍ട്ടി സ്ഥാനങ്ങളില്‍ ഒഴിവാക്കണമെന്ന് പഞ്ചാബിലെ എ എ പി എം.എല്‍.എ

ഛണ്ഡിഗഡ്: എ എ പി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ എ പി എം.എല്‍.എ സുഖ്പാല്‍ സിങ് ഖൈര.

പഞ്ചാബ് നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് , സംസ്ഥാന വക്താവ് എന്നീ സ്ഥാനത്തില്‍ നിന്നും തന്നെ ഉടനെ ഒഴിവാക്കണമെന്നാണ് സുഖ്പാല്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് നല്‍കിയിട്ടുള്ള സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ തന്നേക്കാള്‍ അര്‍ഹതയുള്ള നേതാക്കള്‍ക്ക് കൈമാറുന്നതാകും ഉചിതമെന്നും ഭോലാത് എം.എല്‍.എ കൂടിയായ സുഖ്പാല്‍ പറയുന്നു. ജനപ്രതിനിധിയെന്ന നിലയിലും സാധാരണ പ്രവര്‍ത്തകനായും പാര്‍ട്ടിക്ക് വേണ്ടി സേവനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി നല്‍കിയിട്ടുള്ള സ്ഥാനങ്ങള്‍ ഒഴിവാക്കുകയാണെന്നും സുഖ്പാല്‍ വ്യക്തമാക്കുന്നു.

എ.എ.പിയുടെ പഞ്ചാബ് യൂണിറ്റ് പുന:സംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കയാണ് സുഖ്പാല്‍ സിങ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

യോഗത്തില്‍ എം.പി ഭഗവന്ദ് മന്നാണ് പഞ്ചാബ് യൂണിറ്റ്കണ്‍വീനര്‍.തിരഞ്ഞെടുപ്പിന് ശേഷം എ.എ.പി പ്രധാന പദവികളൊന്നും നല്‍കാത്തതിലുള്ള അതൃപ്തിയാണ് സുഖ്പാലിന്റെ ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നാണ് എ.എ.പി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Top