ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : എക്കാലവും ഇന്ത്യയുടെ ബലമായി നിലകൊള്ളുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി, പ്രതിമാസ റേഡിയാ പ്രഭാഷണപരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു.

1975ലെ അടിയന്തരാവസ്ഥയും. അടിയന്തരാവസ്ഥ കാലത്തെ ഇരുണ്ട ദിനങ്ങളും മറക്കാനാകുന്നതല്ലെന്നും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി 42 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ദിനത്തിലെ മന്‍ കി ബാത്തില്‍ മോദി ചൂണ്ടിക്കാട്ടി.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയ്‌ക്കെതിരെ, ജനാധിപത്യ വിശ്വാസികള്‍ ശക്തിയുക്തം പോരാടിയ കാര്യവും മോദി അനുസ്മരിച്ചു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞുപോയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് പോറലേല്‍പ്പിച്ച സംഭവങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ട് തീര്‍ത്തും ക്രിയാത്മകമായ ഒരു ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കുന്നതിലാകണം നമ്മുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം എന്നത് ഒരു സംവിധാനം മാത്രമല്ല. നമ്മുടെ സംസ്‌കാരം കൂടിയാണത്. 1975 ജൂണ്‍ 25ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയും അതിന്റെ പരിണിത ഫലങ്ങളും ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാര്‍ക്ക് മറക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയ്പ്രകാശ് നാരായണിനെപ്പോലുള്ള ഒട്ടേറെ നേതാക്കളാണ് ഇക്കാലയളവില്‍ ജയിലഴിക്കുള്ളിലായത്. രാജ്യത്തെ നിയമവ്യവസ്ഥയെപ്പോലും അടിയന്തരാവസ്ഥയുടെ പരിണിത ഫലങ്ങള്‍ ബാധിച്ചു. മാധ്യമസ്വാതന്ത്ര്യമെന്നത് പൂര്‍ണമായും എടുത്തുമാറ്റപ്പെട്ടതായും പ്രധാനമന്ത്രി അനുസ്മരിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയേയും ജയിലടച്ച സംഭവം ഓര്‍മിച്ച മോദി, അദ്ദേഹം അക്കാലത്ത് ജയിലില്‍വച്ച് എഴുതിയ കവിതാശകലം ചൊല്ലിയതും ശ്രദ്ധേയമായി.

രാജ്യത്തെ എല്ലാ മുസ്ലിം മത വിശ്വാസികള്‍ക്കും പ്രധാനമന്ത്രി ഈദുല്‍ ഫിത്‌റിന്റെ ആശംസകള്‍ നേര്‍ന്നു.

Top