priyanka to fight 2019 polls from sonia turf

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ സജീവമാകുന്ന പ്രിയങ്ക ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്മ സോണിയയുടെ തട്ടകമായ റായ്ബറേലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് വര്‍ഷത്തിനപ്പുറമാണ് നടക്കുകയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഈ രീതിയില്‍ ആലോചന നടക്കുന്നതായാണ് സൂചന.

ആരോഗ്യപ്രശ്‌നം കാരണം സോണിയ കുറേക്കാലമായി പാര്‍ട്ടി ചടങ്ങുകള്‍ക്കൊന്നും എത്താറില്ല. പ്രധാന യോഗങ്ങളിലൊക്കെ സോണിയയ്ക്ക് പകരം രാഹുലാണ് അധ്യക്ഷത വഹിക്കുന്നത്.

1999 ല്‍ അമേഠിയില്‍ നിന്നാണ് സോണിയ ആദ്യം ലോക്‌സഭയിലെത്തിയത്. പിന്നീട് രാഹുലിനായി അമേഠി മാറ്റിവെച്ച് അവര്‍ റായ്ബറേലിയിലേക്ക് മാറി. 2004 മുതല്‍ മൂന്നു തവണയായി അവര്‍ റായ്ബറേലിയയെയാണ് സഭയില്‍ പ്രതിനിധീകരിക്കുന്നത്.

മുത്തശ്ശി ഇന്ദിരയുടെ തട്ടകം തന്നെയാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും തുടക്കം കുറിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും പറയുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധികം വൈകാതെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് വരും. സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തുകയാണ് രാഹുലിന്റെ ആഗ്രഹം. അതോട് അനുബന്ധിച്ച് പ്രിയങ്കയും പാര്‍ട്ടിയില്‍ പ്രധാന ഉത്തരവാദിത്വത്തിലേക്ക് കടന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.പി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ഗുലാം നബി ആസാദിനോടും പ്രിയങ്കയോടും രാഹുല്‍ ആവശ്യപ്പെട്ടിരുന്നതായി എ.ഐ.സി.സി വക്താവ് അജോയ് കുമാര്‍ അറിയിച്ചു.

പ്രിയങ്ക പാര്‍ട്ടിയിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതോടെ ക്രമേണ പിന്‍വാങ്ങാനാണ് സോണിയയും ഉദ്ദേശിക്കുന്നത്.

Top