ഇന്ത്യയില്‍ ഇനി വിഐപികളില്ല ഇപിഐ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

modi

ന്യൂഡല്‍ഹി: വിഐപി ചിന്താഗതികളെ ഉപേക്ഷിക്കണമെന്നും പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്‌സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിഐപി എന്ന ചിന്താഗതി മാറ്റാനാണ് പൊതു സമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാരടക്കമുള്ളവരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റിയത്. ലൈറ്റുകള്‍ മാറ്റിയതു പോലെ തന്നെ എല്ലാവരുടെയും മനസില്‍ നിന്ന് വിവിഐപി ചിന്താഗതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വിദ്യാര്‍ഥികള്‍ക്കായി വേനലവധി പ്രയോജനപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല.

മന്‍ കി ബാത്തിലെ പ്രസക്ത ഭാഗങ്ങള്‍

* ഭീം ആപ്പ് വഴി ദിവസം 200 രൂപവരെ സമ്പാദിക്കാനുള്ള അവസരം: മൂന്നുപേര്‍ക്ക് ഭീം ആപ്പ് പരിചയപ്പെടുത്തി അവര്‍ അത് ഉപയോഗിച്ചാല്‍ പരിചയപ്പെടുത്തിയവര്‍ക്ക് 10 രൂപ വീതം ലഭിക്കുന്നതാണ് പദ്ധതി.

* വ്യക്തികള്‍ പരിമിതികളില്‍ നിന്ന് പുറത്തുവരണം: വ്യക്തികള്‍ സുരക്ഷിതമായ മേഖലകളില്‍ നിന്ന് പുറത്ത് വന്ന് വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും തയ്യാറായാല്‍ അതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയും സാധ്യമാകും.

* ടെക്‌നോളജിയുടെ ഉപയോഗം: അകലം കുറയക്കുകയാണ് ടെക്‌നോളജിയുടെ ലക്ഷ്യം. എന്നാല്‍ ഒരു മുറിയിലിരിക്കുന്ന ആറു കുടുംബാംഗങ്ങളും അവരുടെതായ ടെക്‌നോളജിയുടെ ലോകത്താണ്. ഇത് ആശാങ്കാജനകമാണ്.

* പാരിസ്ഥിതിക പ്രശ്‌നങ്ങള്‍: കാലവസ്ഥയിലെ മാറ്റം സെമിനാറുകളിലും ചര്‍ച്ചകളിലും മാത്രം ഒതുങ്ങിയാല്‍ പോര. അത് നമ്മളെ ദിനം പ്രതിയെന്നോണം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് അത് തിരിച്ചറിഞ്ഞ് പെരുമാറി തുടങ്ങണം. വേനലില്‍ പക്ഷി മൃഗാദികള്‍ക്ക് ജീവജലം ഉറപ്പാക്കാന്‍ യുവാക്കള്‍ മുന്‍കൈയെടുക്കണം.

വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ നിര്‍ദേശങ്ങള്‍

* വേനലവധി കഴിവുകള്‍ പരിപോഷിപ്പിക്കാനും പുതിയ അനുഭവങ്ങള്‍ ആസ്വദിക്കാനുമായി ഉപയോഗിക്കുക.

* സ്വന്തം ഇഷ്ടങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് തുടര്‍ച്ചയായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. അത് നിങ്ങളെ സുരക്ഷിതമായ അവസ്ഥയില്‍ നിന്ന് പുറത്തുവരാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും സഹായിക്കും.

* പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യുക.

* ഒരു ട്രെയിന്‍ യാത്ര നടത്തുക. യാത്രക്കാരുമായി സംസാരിക്കുകയും അവരുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പഠിക്കുക.

* വേനല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുക. അനുഭങ്ങള്‍ കണ്ടെത്തുക

* സുഹൃത്തുക്കളോടൊപ്പം വൈകുന്നേരങ്ങളില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കളികള്‍ കളിക്കാന്‍ സമയം കണ്ടെത്തുക. താഴേക്കിടയിലുള്ള വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുക. ഇത് നിങ്ങള്‍ നല്ല വളരെയധികം സുഹൃത്തുക്കളെ സമ്മാനിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു

Top