യോഗയും ആയുര്‍വേദവും സൈനികര്‍ക്ക് ഫലപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: യോഗയും ആയുര്‍വേദവും സൈനികര്‍ക്ക് ഫലപ്രദമെന്നും, അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുകയാണ്’ രാജ്യത്തെ ആദ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതലസ്ഥാനത്ത് സരിത വിഹാറിലാണ് 10 ഏക്കര്‍ സ്ഥലത്ത് 157 കോടി ചിലവിട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചത്.

പൈതൃകം നഷ്ടപ്പെടുത്തിയാല്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാകില്ല. ആ പൈതൃകം നാം കുറേക്കാലത്തേക്ക് മറന്നു.

അത് ഇപ്പോള്‍ നാം വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. യോഗ ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു നല്ല ആശുപത്രിയെങ്കിലും വേണ്ടതാണ്. അവിടെ ആയുര്‍വേദം ഉള്‍പ്പടെയുള്ള പാരമ്പര്യ ചികിത്സാ സൗകര്യവും ലഭ്യമാകണം.  ഇതിനായുള്ള ദൗത്യത്തിലാണ് ആയുഷ് മന്ത്രാലയമെന്നും മോദി വ്യക്തമാക്കി.

ആയുര്‍വേദത്തിന്റെ ഗുണമേന്മ നിരവധിയാണ്.  നിലവിലുള്ള ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കേണ്ടതാണ്.

മികച്ച രീതിയില്‍ ആയുര്‍വേദ മരുന്നുകള്‍ പാക്ക് ചെയ്ത് വേണം വിതരണം ചെയ്യുവാന്‍. യോഗയുടേയും ആയുര്‍വേദത്തിന്റെയും വ്യാപനത്തിനും വികസനത്തിനുമായിട്ട് സ്വകാര്യ മേഖല സംഭാവന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top