അബ്ദുള്‍ കലാം സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ചെന്നൈ : മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം നിര്‍മ്മിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ രാമേശ്വരത്തെ പെകുരുമ്പുവിലാണ് സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്.

20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മാരകം, രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്.

സ്മാരകത്തിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തിയ പ്രധാനമന്ത്രി, കലാമിന്റെ പ്രതിമ അനാവരണം ചെയ്യുകയും, അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

കലാം സന്ദേശവാഹിനി എന്ന പ്രദര്‍ശന വാഹനവുംപ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന വാഹനം, എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ന് രാഷ്ട്രപതി ഭവനിലെത്തി സമാപിക്കും.അന്നാണ് കലാമിന്റെ ജന്മദിനം.

സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി എം വെങ്കയ്യ നായിഡു തുടങ്ങിയവര്‍ സംബന്ധിച്ചു.കലാമിന്റെ സഹോദരങ്ങള്‍ അടക്കമുള്ളവരും ചടങ്ങില്‍ ഉണ്ടായിരുന്നു.

നാല് വലിയ അറകളുള്ള സ്മാരകത്തിന്റെ ചുമരുകളില്‍ കലാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

Top