സ്വകാര്യ ബാങ്കുകള്‍ക്ക് മുന്‍തൂക്കം; പൊതുമേഖലാ ബാങ്കുകളില്‍ ശമ്പള പോരായ്മയോ?

മുംബൈ: പ്രമുഖ ബാങ്കുകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ശമ്പളം എത്രയാണെന്ന് ചിന്തിക്കുന്നവരുടെ അറിവിലേക്കായി ചില സ്വകാര്യ- പൊതുമേഖലാ ബാങ്ക് തലപ്പത്തുള്ളവരുടെ ശമ്പള സ്‌കെയില്‍ വിവരങ്ങള്‍.

ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന് ലഭിച്ച അടിസ്ഥാന ശമ്പളം 2.66 കോടി രൂപയാണ്. 2.2 കോടി പെര്‍ഫോമന്‍സ് ബോണസായും 2.43 കോടി വിവിധ അലവന്‍സുകളായും നല്‍കിയിട്ടുണ്ട്.

ആക്‌സിസ് ബാങ്കിന്റെ സിഇഒയും എംഡിയുമായ ശിഖ ശര്‍മയ്ക്ക് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് 2.7 കോടി രൂപയും വേരിയബിള്‍ പെ ആയി 1.35 കോടിയും വീട്ടുവാടക അലവന്‍സായി 90 ലക്ഷം രൂപയുമാണ്.

യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂറിന് ലഭക്കുന്നത് 6.8 കോടി രൂപയാണ്.

10 കോടിയിലേറെ ശമ്പളം എച്ച്ഡിഎഫ്‌സി ബാങ്ക് എംഡിയായ ആദിത്യ പുരിയ്ക്ക് ലഭിക്കുന്നുണ്ട്.

എന്നാല്‍ ലോകത്തിലെ തന്നെ മികച്ച 50 ബാങ്കുകളിലൊന്നായ എസ്ബിഐയുടെ അധ്യക്ഷയായ അരുന്ധതി ഭട്ടാചാര്യയ്ക്ക് കിട്ടുന്ന ശമ്പളം വെറും 28.96 ലക്ഷം രൂപ മാത്രം.

പൊതുമേഖല ബാങ്കുകളുടെ ഉന്നത സ്ഥാനങ്ങളിലേക്ക് മികച്ച പ്രൊഫഷനുകളെ ലഭിക്കാത്തത് ശമ്പളത്തിലെ പോരായ്മ ആണെന്ന രഘുറാം രാജന്റെ പ്രസ്താവനയെ ശരിവയ്ക്കുന്ന നിലയിലാണ് കാര്യങ്ങള്‍.

പൊതുമേഖല ബാങ്കുകളുടെ മുംബൈയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top