S.V Pradeep has been criticise IG Sreejith in the basis of online sex racket case

തിരുവനന്തപുരം: സംഘ്പരിവാറും ഹനുമാന്‍ സേനയും ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നടപടികളെ അനുകൂലിച്ച് രംഗത്ത് വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ചുംബന സമരം എന്ന ആഭാസം നടത്തി അതിന്റെ പിന്നില്‍ കുട്ടികളെ വരെ വില്‍കുന്ന വലിയ സെക്‌സ് റാക്കറ്റ് നടത്തിയ രാഹുല്‍ പശുപാലനെയും കൂട്ടരെയും അകത്താക്കിയ ശ്രീജിത്ത് ഐപിഎസ്സിന് ഒരു ബിഗ് സല്യൂട്ട്….’ എന്ന പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തക കെ.പി ശശികലയുടെ ‘വി ലൗ ശശികല ടീച്ചര്‍’ എന്ന ഫേസ്ബുക്ക് പേജിലെ പരാമര്‍ശങ്ങള്‍ക്കും, മൂകാംബിക ഭക്തനായ ഐ.ജി ശ്രീജിത്തിനെ പ്രകീര്‍ത്തിച്ച ഹനുമാന്‍ സേനയുടെ നടപടിയേയും ചോദ്യം ചെയ്താണ് കൈരളി ചാനലിന്റെ ചീഫ് സബ് എഡിറ്റര്‍ കൂടിയായ എസ്.വി പ്രദീപിന്റെ പ്രതികരണം.

രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണമെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പേജില്‍ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശശികല ടീച്ചറോട് പ്രദീപ് വ്യക്തമാക്കുന്നു.

മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷ ചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോ ടീച്ചര്‍ജീ.

വാണിഭം എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍. അത് സ്വര്‍ണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാല്‍ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധര്‍മ്മം ടീച്ചര്‍ജീ? പ്രദീപ് ചോദിക്കുന്നു.

നിയമനതട്ടിപ്പുമായും മറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിര്‍ണായക വാര്‍ത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ ക്രൈം ബീറ്റുകാര്‍ക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്‌കൂപ്പ് മസേജ് വന്നുവെങ്കില്‍ അത് ചില്ലറകാര്യമാണോ ടീച്ചര്‍ജീ? വാണിഭ റയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തില്‍ അതീവ രഹസ്യമാക്കുന്നതിന് പകരം സ്‌കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാല്‍ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലേ ടീച്ചര്‍ജീ

ആഭ്യന്തരവകുപ്പിനെതിരായ വാര്‍ത്തയും അതിനെ ചെറുക്കാന്‍ അനുകൂല വാര്‍ത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പോലീസില്‍ നിന്നുതന്നെ മെസ്സേജാകുമ്പോള്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകര്‍ന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ ടീച്ചര്‍ജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാല്‍പത് വട്ടം അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ക്കൊപ്പം വിവിധ ആംഗിളുകളില്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയുന്നതല്ലേ ടീച്ചര്‍ജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങള്‍ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകള്‍ പറയുന്നതില്‍ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചര്‍ജീ? എന്ന നിരവധി ചോദ്യങ്ങളാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ശശികല ടീച്ചറിന് മുന്നിലും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നിലും പ്രദീപ് ഉയര്‍ത്തുന്നത്.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)

ശശികല ടീച്ചറിനും അനുകൂലികള്‍ക്കും ഹനുമാന്‍സേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകള്‍ക്കും നല്ല നമസ്‌കാരം.പക്ഷേ നിങ്ങള്‍ ഓര്‍ക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി.

ഓണ്‍ലയ്ന്‍ പെണ്‍വാണിഭം ശശികലടീച്ചറനുകൂലികള്‍ക്കും സംഘികള്‍ക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതില്‍ ഉള്‍പ്പെട്ട ആരോപിതരുടെ എഫ് ബി പേജില്‍ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങള്‍ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐ പി എസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി

ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്‌കാര സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചപ്പോള്‍ നൈസര്‍ഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആണ്‍ പെണ്‍ സൗഹൃദത്തിന്റെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാന്‍ നടത്തിയ അവകാശപ്പോരാട്ടം. അതില്‍ പങ്കെടുത്തവര്‍ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിള്‍ ചേര്‍ത്തപ്പോള്‍ പകുത്ത് നല്‍കിയത് ബൊഹീമിയന്‍ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്

പുരാണങ്ങളും അതാണ് ടീച്ചര്‍ജീ…
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങള്‍ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിന്റെ പ്രതീകങ്ങള്‍. യാദവ കുലത്തില്‍ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആണ്‍ പെണ്‍ വേര്‍തിരിവ് രൂഢമൂലമാക്കിയപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ, സൗഹൃദത്തിന്റെ, സംഗീതകാരനായി കൃഷ്ണന്‍. ആ കൃഷ്ണനോട് ഐക്യദാര്‍ഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണന്‍മാരും പതിനായിരത്തെട്ടിലധികം രാധമാരും… കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ് എഫ് ഐ ക്കാരും ഡി വൈ എഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചര്‍ജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞ കൃഷ്ണന്‍മാരും രാധമാരും. ശിവസേനക്കാരന്റെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാര്‍ കൃഷ്ണന്‍മാര്‍…

ബ്രാഹ്മണ്യം രജപുത്ര ഋതുമതികള്‍ക്ക് മേല്‍ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയില്‍ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കര്‍ണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചര്‍ജീ

കൂര്‍ത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നല്‍കിയ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓര്‍ക്കുക.

രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക കര്‍ത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐ പി എസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോടീച്ചര്‍ജീ.

വാണിഭം എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍. അത് സ്വര്‍ണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാല്‍ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധര്‍മ്മം ടീച്ചര്‍ജീ??

നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിര്‍ണായക വാര്‍ത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ ക്രൈം ബീറ്റുകാര്‍ക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്‌കൂപ്പ് മസേജ് വന്നുവെങ്കില്‍ അത് ചില്ലറകാര്യമാണോ ടീച്ചര്‍ജീ? വാണിഭ റയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തില്‍ അതീവ രഹസ്യമാക്കുന്നതിന് പകരം സ്‌കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാല്‍ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലേ ടീച്ചര്‍ജീ

ആഭ്യന്തരവകുപ്പിനെതിരായ വാര്‍ത്തയും അതിനെ ചെറുക്കാന്‍ അനുകൂല വാര്‍ത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പോലീസില്‍ നിന്നുതന്നെ മെസ്സേജാകുമ്പോള്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകര്‍ന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ ടീച്ചര്‍ജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാല്‍പത് വട്ടം അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ക്കൊപ്പം വിവിധ ആംഗിളുകളില്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയുന്നതല്ലേ ടീച്ചര്‍ജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങള്‍ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകള്‍ പറയുന്നതില്‍ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചര്‍ജീ?

താങ്കളുടെ ആള്‍ക്കാര്‍ വിശേഷിപ്പിക്കുന്ന മൂകാംബികാദാസന്റെ സര്‍വ്വീസ് ചരിത്രത്തില്‍ ദാസനെ സെന്‍സിറ്റീവ് പോസ്റ്റുകളില്‍ നിയമിക്കരുതെന്ന് മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങള്‍ ഒന്ന് പഠിക്കുക. ദാസന്റെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാര്‍ എന്തിന് 4.11.2009 ല്‍ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകള്‍ അറിയുക ടീച്ചര്‍ജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകള്‍ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകള്‍

പരസ്യപ്രതികരണം ഡി ജി പി വിലക്കിയിട്ടുളളപ്പോ പത്രസമ്മേളനം വിളിച്ചത് പോട്ടേ സ്വകാര്യചാനലുകളില്‍ പ്രത്യേകിച്ച് അന്തിചര്‍ച്ചകളില്‍ ദാസന്‍ കൃത്യമായി മണിക്കൂറുകള്‍ ലൈവില്‍ പങ്കെടുത്തു. സര്‍വ്വീസ് ചട്ടലംഘനത്തിന് ഡി ജി പി ക്കും മുകളില്‍ ആരാണ് ഈ ദാസന് ധൈര്യമായത്?? എന്തിന് വേണ്ടി?? രാഹുല്‍ രശ്മി ചിഹ്നങ്ങള്‍ പഠിക്കുന്ന അതേ തീവ്രതയില്‍ ജേക്കബ് തോമസിന്റെ അനുഭവ പശ്ചാത്തലത്തില്‍ ദാസന്‍ ചിഹ്നങ്ങളും പഠിക്കാന്‍ പ്രാഥമിക രാഷ്ട്രീയ വിദ്യാഭ്യാസം ഇനിയും നേടിയിട്ടില്ലാത്ത അണികളെ ആഹ്വാനം ചെയ്യൂ ടീച്ചര്‍ജീ.

ഐ എസ് ആര്‍ ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണന്‍മാരുടെ കണ്ണുനീര്‍ ആവശ്യമുണ്ടോ ശശികലടീച്ചര്‍ അനുകൂലികളേ….
എസ്.വി. പ്രദീപ്

Top