Post towards the communication to the boundaries of language with Facebook

facebook

ആശയവിനിമയത്തിന്റെ അതിരുകള്‍ ഭേദിച്ച കണ്ടുപിടിത്തമാണ് ഇന്റര്‍നെറ്റ്. ആ ആശയവിനിമയ സാധ്യതയുടെ ആഴവും പരപ്പും വികസിപ്പിച്ചത് സോഷ്യല്‍ മീഡിയയാണ്. എങ്കിലും ഭാഷ അവിടെ ഒരു വിലങ്ങ് തടിയായിരുന്നു.

എല്ലാ ഭാഷകളും അനായാസം പറയാന്‍ കഴിയുന്നവര്‍ എത്രപേരുണ്ട്?

ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്കാനുള്ള പദ്ധതിയിലാണ് സോഷ്യല്‍ മീഡിയാ ഭീമന്‍ ഫെയ്‌സ്ബുക്ക്. ലോകത്തെ ഏതുഭാഷയും ഓട്ടോമാറ്റിക് ആയി വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്കില്‍ താമസിയാതെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതായത് ലോകത്തുള്ള ആരുമായും ഏത് ഭാഷക്കാരുമായും ഫെയ്‌സ്ബുക്ക് വഴി ആശയവിനിമയം നടത്താം.

ഇതിനായി നിങ്ങളുടെ പോസ്റ്റ് നിങ്ങളുടെ ഭാഷയില്‍ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുക. എന്നിട്ട് അടുത്തുള്ള പുള്‍ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഫ്രഞ്ച്, ഫിലിപ്പിനോ, ലിത്വാനിയന്‍ ഭാഷകളടക്കം 45 ഭാഷകളിലേക്ക് ഇത് ആഡ് ചെയ്യുക.. നിങ്ങളുടെ പോസ്റ്റ് മറ്റ് ഭാഷക്കാര്‍ക്കും വായിക്കാനാവും.

പക്ഷെ ഈ സംവിധാനം പൂര്‍ണമായും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഒരു ചെറിയ വിഭാഗം ആളുകളില്‍ മാത്രമാണ് ഈ ‘മള്‍ട്ടി ലിംഗ്വല്‍ കമ്പോസര്‍’ ഇപ്പോള്‍ പരീക്ഷിക്കുന്നത്. 5000ഓളം ബിസിനസ്, ബ്രാന്‍ഡുകളുടെ ഫേസ്ബുക്ക് പേജുകളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. താമസിയാതെ വ്യാപകമായി ഇത് നിലവില്‍ വരുമെന്നാണ് സൂചന

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) സംവിധാനമുപയോഗിച്ചാണ് ഈ സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ ലൊക്കേഷന്‍, ഭാഷയുടെ തിരഞ്ഞെടുപ്പ്, ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഏത് ഭാഷയാണ് ഒരാള്‍ കുടുതലായി ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ഇതിന് വേണ്ടി സോഫ്റ്റ്‌വേര്‍ ഉപയോഗിക്കും.

തങ്ങളുടെ ഉപഭോക്താക്കളില്‍ പകുതിയോളം പേര്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരല്ലെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ആളുകളെ കൂടുതല്‍ സമയം ഫെയ്‌സ്ബുക്കില്‍ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

Top