അധാര്‍മ്മികം; ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മാതാപിതാക്കളില്‍ നിന്ന് മക്കളെ അകറ്റുന്നത് അധാര്‍മ്മികമാണെന്നും അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നല്‍കി.

റോയിട്ടേഴ്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരെ മാര്‍പാപ്പ തുറന്നടിച്ചത്. ആഗോള കുടിയേറ്റ പ്രശ്‌നത്തിനുള്ള പ്രതിവിധി ട്രംപിന്റെ പാതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ കത്തോലിക്കാ മൂല്യങ്ങള്‍ക്ക് എതിരാണെന്ന അമേരിക്കന്‍ ബിഷപ്പുമാരുടെ അഭിപ്രായത്തിന് മാര്‍പാപ്പ പിന്തുണ പ്രഖ്യാപിച്ചു.

ട്രംപിന്റെ ‘ സീറോ ടോളറന്‍സ് പോളിസി’ക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തി കടക്കുന്ന കുടുംബങ്ങളിലെ മുതിര്‍ന്നവരെ ജയിലുകളിലേക്ക് പിടിച്ചുകൊണ്ട് പോവുകയും കുട്ടികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോമുകളിലേക്കും മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.

immgration-4

ആഗോള കത്തോലിക്കാ സഭാതലവന്റെ വാക്കുകളെന്ന നിലയില്‍ മാര്‍പാപ്പയുടെ വിമര്‍ശനം ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കത്തോലിക്കര്‍. അതിനിടെ ഡെമോക്രാറ്റുകളാണ് പുതിയ നയത്തിന്റെ പ്രധാന വിമര്‍ശകരെന്നും അവര്‍ക്ക് കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ ഉത്കണ്ഠയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

കുടിയേറ്റക്കാരിലാണ് യൂറോപ്പിന്റെ നിലനില്‍പ്പെന്ന് പറഞ്ഞ മാര്‍പാപ്പ അഭയം തേടിയെത്തുന്നവരെ സ്വീകരിക്കാനും സഹായിക്കാനും യൂറോപ്പിനാകമാനം ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് കര്‍ശനമാക്കിയ ട്രംപിന്റെ തീരുമാനത്തിനെതിരെയും മാര്‍പാപ്പ വിമര്‍ശനം ഉന്നയിച്ചു. ക്യൂബയുമായുള്ള വാണിജ്യം അവസാനിപ്പിച്ചതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

immiration-1

മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ അഭയാര്‍ത്ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ലോകം ഒന്നാകെ വിമര്‍ശിക്കുമ്പോഴും തന്റെ അഭയാര്‍ഥികളോടുള്ള നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് പ്രസിഡന്റ് ട്രംപ്.

മറ്റ് രാജ്യങ്ങളെ പോലെ അമേരിക്കയെ ഒരു അഭയാര്‍ഥി ക്യാംപാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു പ്രസിഡന്റ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡെമോക്രാറ്റുകളാണെന്നും അവരുണ്ടാക്കിയ നിയമങ്ങളാണ് അമേരിക്കയില്‍ ഇത്രയധികം അഭയാര്‍ഥികളെ സൃഷ്ടിച്ചതെന്നും വാദിക്കുന്നു. അനാവശ്യ പ്രതിഷേധം ഉയര്‍ത്താതെ സഹകരിച്ചാല്‍ ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും, കെട്ടുറപ്പുള്ള ഒരു കുടിയേറ്റ നിയമം വേഗത്തിലുണ്ടാവുമെന്നും ഉറപ്പുപറയുന്നു. രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം കര്‍ശനമായി നേരിടുമെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ നയം അതേപടി നടപ്പാക്കുകയാണ് ആഭ്യന്തര സുരക്ഷാ സേനയും.

emmigration-2

ഏപ്രീലില്‍ തുടങ്ങിയ നടപടിയില്‍ രാജ്യത്തെത്തിയ 2000തോളം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം സുരക്ഷാസേന ഇവരുടെ മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്യുന്നു. പ്രഥമവനിത മെലാനിയ ട്രംപടക്കം പ്രതികരിച്ചിട്ടുപോലും ഡോണള്‍ഡ് ട്രംപിന് യാതൊരു കുലുക്കവുമില്ല.

Top