മഹാരാഷ്ട്രയില്‍ സി.പി.എമ്മിന് ‘ഡിമാന്റ്’ കൂടെ കൂട്ടാന്‍ മത്സരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ !

മുംബൈ : ചെങ്കൊടിയുടെ കരുത്ത് ബോധ്യപ്പെട്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സി.പി.എമ്മുമായി സഖ്യത്തിനായി ശ്രമം തുടങ്ങി. ചെങ്കൊടിയേന്തി രാജ്യത്തെ പിടിച്ചുലച്ച കര്‍ഷക ലോങ് മാര്‍ച്ചിന് മഹാരാഷ്ട്രയില്‍ നേതൃത്വം നല്‍കിയത് സി.പി.എം കര്‍ഷക വിഭാഗമായ കിസാന്‍ സഭ ആയിരുന്നു.

കര്‍ഷകദ്രോഹ നടപടിക്കെതിരെ നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ നടന്ന് ചോരപ്പൊടിയുന്ന കാല്‍പ്പാതങ്ങളുമായി മാര്‍ച്ച് 7 ന് പ്രയാണമാരംഭിച്ച കര്‍ഷകര്‍ 12 ന് മുംബൈയില്‍ എത്തി പുതിയ സമര ചരിത്രമാണ് സൃഷ്ടിച്ചിരുന്നത്.

കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ പോലും വിസമ്മതിച്ച ബി.ജെ.പി സര്‍ക്കാറിന് മുഖ്യമന്ത്രിയെ തന്നെ നേരിട്ടിറക്കി ഒടുവില്‍ ഒത്തു തീര്‍പ്പു ചര്‍ച്ച നടത്തേണ്ടി വന്നിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മുംബൈയില്‍ കുതിച്ചെത്തി സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ സമരക്കാര്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചിരുന്നത്.

സി.പി.എമ്മിന്റെ തന്ത്രങ്ങളാണ് കര്‍ഷക വിഭാഗത്തെ മുന്‍ നിര്‍ത്തിയുള്ള ഐതിഹാസിക സമരത്തിന്റെ വിജയത്തിനു കാരണമെന്ന് ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഈ സമരത്തിനു ശേഷം കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പില്‍ പല്‍ഘര്‍ മണ്ഡലത്തില്‍ നിന്നും സി.പി.എം ഒറ്റക്ക് 71,887 വോട്ട് നേടി മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരുന്നു. ഇതു തന്നെയാണ് ചെങ്കൊടി സഖ്യത്തിന് മറ്റു പാര്‍ട്ടികളെ തല്‍പ്പരരാക്കിയിരിക്കുന്നത്.

Kisan Long March

കര്‍ഷക ഭൂരിപക്ഷ മേഖലകളിലെ മണ്ഡലങ്ങളില്‍ സി.പി.എം പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാകും എന്നതിനാല്‍ സഖ്യമോ ധാരണയോ വേണമെന്ന നിലപാടാണ് എന്‍.സി.പി, കോണ്‍ഗ്രസ്സ്, ശിവസേന, നവ നിര്‍മാണ സേന പാര്‍ട്ടികള്‍ക്ക് ഉള്ളത്.

വര്‍ഗ്ഗീയ സംഘടനകളുമായി യാതൊരു വിട്ടുവീഴ്ചയും ഇല്ലന്ന സി.പി.എം നിലപാട് ശിവസേനക്കും നവനിര്‍മാണ സേനക്കും വലിയ തിരിച്ചടിയാണ്.

എന്‍.സി.പി മതിയായ പ്രാധിനിത്യം നല്‍കിയാല്‍, സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് സി.പി.എം. കേരളത്തില്‍ ഇടതു ഘടകകക്ഷിയാണ് എന്‍.സി.പി എന്നതിനാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് സഖ്യത്തിന് മറ്റു തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ല.

എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യത്തില്‍ മത്സരിക്കുന്ന എന്‍.സി.പിയുമായി സി.പി.എം ‘ധാരണ’ ഉണ്ടാക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

48 അംഗങ്ങളാണ് മഹാരാഷ്ട്രയില്‍ നിന്നും ലോക് സഭയിലുള്ളത്. ഇതില്‍ ഭൂരിപക്ഷവും ലക്ഷ്യമിട്ടാണ് ബി.ജെ.പി നീക്കം. എന്നും ‘തലവേദന’ ആയ ശിവസേനയെ ഒഴിവാക്കി ഒറ്റക്ക് മത്സരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അടുപ്പമുള്ള നേതാക്കളെ കൂടെ നിര്‍ത്തി ശിവസേനയെ പിളര്‍ത്താനും അമിത് ഷാക്ക് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ വീണ്ടും സമരം ഉയര്‍ത്തി കൊണ്ടുവരാനാണ് കിസാന്‍ സഭ നീക്കം.

ഇത് ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ആകുമെന്നതിനാല്‍ സമരം ഒഴിവാക്കാന്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും പറയപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയെ പിടിച്ചുലച്ച ലോങ്ങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ കിസാന്‍ സഭ നേതാക്കളായ അശോക് ധാവ്‌ളെ, മലയാളിയായ വിജൂ കൃഷ്ണന്‍, കിഷന്‍ ഗുജജര്‍, ഡോ.അജിത് നവാളെ എന്നിവരെ ലോക് സഭ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി.പി.എം തയ്യാറായേക്കും.

kisan march

ഫട്‌നാവിസ് സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ അരലക്ഷത്തോളം കര്‍ഷകരെ രംഗത്തിറക്കി അവര്‍ക്കൊപ്പം ചുട്ടുപ്പൊള്ളുന്ന വെയിലില്‍ 200 കിലോമീറ്റര്‍ നടന്ന ഈ നേതാക്കള്‍ മത്സരിച്ചാല്‍ നല്ല രൂപത്തില്‍ വോട്ടുകള്‍ നേടാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ സഭ കര്‍ഷകരെ വീണ്ടും അണിനിരത്താന്‍ പോകുന്നത്.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ നേരത്തെ നടന്ന ലോങ് മാര്‍ച്ചില്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ മിക്ക ആവശ്യങ്ങളും ഇപ്പോഴും നടപ്പാക്കാത്തതിനാലാണ് കിസാന്‍സഭ വീണ്ടും പോര്‍മുഖം തുറക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിവര്‍ഷം മൂവായിരത്തിലേറെ കര്‍ഷകരാണ് തുടര്‍ച്ചയായി മൂന്നുവര്‍ഷമായി സംസ്ഥാനത്ത് ജീവനനൊടുക്കുന്നത്. ഈ ജനുവരിയില്‍ വിദര്‍ഭ മേഖലയില്‍മാത്രം 104 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്. നിവൃത്തികേടിലാണ് ഭൂരിപക്ഷവും. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നു, ആരും രക്ഷപ്പെടുന്നില്ല. പരുത്തികര്‍ഷകരും മറ്റും കടുത്ത പ്രതിസന്ധിയിലാണ്. പരുത്തിക്ക് കടുത്ത കീടബാധയാണ് ഇക്കുറി ഉണ്ടായത്. 84 ശതമാനം വിളവുനശിച്ചു. ഓരോ കര്‍ഷകനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

അതേസമയം ലോകസഭ തെരെഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരെഞ്ഞെടുപ്പും നടക്കുമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ കൂടി മുന്‍ നിര്‍ത്തിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അണിയറയിലെ തയ്യാറെടുപ്പുകള്‍.

Top