കോടതിയലക്ഷ്യക്കേസില്‍ പിടികൊടുക്കാതെ ജസ്റ്റിസ് കര്‍ണന്‍ ; തിരച്ചില്‍ ശക്തമാക്കി പൊലീസ്

ചെന്നൈ : സുപ്രീം കോടതി കോടതിയലക്ഷ്യക്കേസിന് ആറുമാസം തടവ് ശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണന്‍ പൊലീസിനു പിടികൊടുക്കാതെ കാണാമറയത്ത്.

അദ്ദേഹം നില്‍ക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്ന് പൊലീസുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു. വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജഡ്ജിയെ കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്നലെ പുലര്‍ച്ചെ വരെ കര്‍ണന്‍ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.

ചെപ്പോക്കില്‍നിന്നു പുറപ്പെടുമ്പോള്‍ കര്‍ണനൊപ്പം രണ്ട് അഭിഭാഷകരും കൂടിയുണ്ടെന്നായിരുന്നു വിവരം. വാഹനമോടിക്കുന്നതു സര്‍ക്കാര്‍ ഡ്രൈവറാണെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമത്തിലാണു പൊലീസ്. കാളഹസ്തിയിലേക്കുള്ള ചെന്നൈ – നെല്ലൂര്‍ പാതയില്‍ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാല്‍, ഇന്നു രാവിലെയും കര്‍ണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തമിഴ്‌നാട് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് – ആന്ധ്ര അതിര്‍ത്തിയായ തട എന്ന സ്ഥലത്തു നിന്നാണു സിഗ്‌നല്‍ ലഭിച്ചതെന്നു കണ്ടെത്തി. എന്നാല്‍ ഇവിടെയും സമീപപ്രദേശമായ സൂളൂര്‍പേട്ടിലും നടത്തിയ തിരച്ചിലും വെറുതെയാകുകയായിരുന്നു.

Top