കൈക്കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കാന്‍ യുവതി ; പൊലീസ് ഇടപെടലില്‍ ജീവിതത്തിലേക്ക്

ആര്യനാട്: ഒരു നിമിഷത്തെ ദുര്‍ചിന്തയില്‍ നിന്നും യുവതിയെ പിന്തിരിച്ചപ്പോള്‍ പൊലീസ് രക്ഷിച്ചത് രണ്ട് ജീവനുകള്‍ !

പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒരു മാതാവിനും കുഞ്ഞിനും ജീവിതം കൈവിട്ടു പോകാതിരുന്നത്.

പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ കുളപ്പട സ്വദേശിനിയെയും പിഞ്ചോമനയെയുമാണ് പൊലീസ് ജീവിതത്തിലേക്കു മടക്കി അയച്ചത്.

കഴിഞ്ഞദിവസം രാത്രി 12.15-ന് ഉഴമലയ്ക്കല്‍ എലിയാവൂരിലാണു സംഭവം.

പൊലീസ് ജീപ്പില്‍ നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ആര്യനാട് സ്റ്റേഷനിലെ എഎസ്‌ഐ അജയനും സിആര്‍ഒ നിസാറുദ്ദീനും.

എലിയാവൂര്‍ ജംക്ഷനില്‍ ജീപ്പ് എത്തുന്നതിനിടെ ഇരുപത്തെട്ടുകാരി ഒന്നര വയസ്സുകാരി കുഞ്ഞിനെയുമെടുത്തു റോഡിലൂടെ നടന്നുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടു.

പൊലീസ് ജീപ്പ് കണ്ടയുടനെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് അപകടം മനസ്സിലാക്കി.

കുടുംബപ്രശ്‌നത്തെത്തുടര്‍ന്നു കരമനയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതാണെന്നായിരുന്നു പിഞ്ചു കുഞ്ഞിനെയുമെടുത്ത് നിന്ന ആ യുവതിയുടെ മറുപടി.

എന്നാല്‍ യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പൊലീസ് നന്നായി പണിപ്പെട്ടു.

ഒടുക്കം, യുവതിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഏല്‍പിച്ചായിരുന്നു പൊലീസിന്റെ മടക്കം.

വീടിന്റെ സമീപത്തു വരെ റോഡില്ലാത്തതിനാല്‍ രാത്രിയില്‍ പൊലീസിന് അരക്കിലോമീറ്റര്‍ കാല്‍നടയാത്രയും വേണ്ടിവന്നു.

എന്നാല്‍, രണ്ട് ജീവന്‍ രക്ഷിച്ച സന്തോഷത്തിലാണ് അജയനും നിസാറുദ്ദീനും.

Top