കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ മെട്രോ യാത്ര, കേസെടുത്ത് പൊലീസ്

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്‌ക്കെതിരേ പോലീസ് കേസ്.

ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തില്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. പിസിസിയാണ് യാത്ര സംഘടിപ്പിച്ചത്.

നേരത്തെ, ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ കഐംആര്‍എലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്.

ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കഐംആര്‍എല്‍ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവര്‍ത്തകര്‍ സുരക്ഷാ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയില്‍ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവര്‍ത്തകര്‍ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി.

എന്നാല്‍ ഉമ്മന്‍ ചാണ്ടി തങ്ങള്‍ കയറിയ ട്രെയിനില്‍ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവര്‍ത്തകര്‍ പാലാരിവട്ടത്തിന് മുന്‍പായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങള്‍ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.

Top