വിജയ് വേട്ടക്ക് തുടക്കം; താരത്തിനെതിരെ കേസെടുത്ത് മധുര പൊലീസ്

ചെന്നൈ: മെര്‍സലില്‍ നടന്‍ വിജയ് അമ്പലങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മധുര പൊലീസ് കേസെടുത്തു.

മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിനെതിരെ കേസെടുത്തിരിക്കുന്നത്.

മെര്‍സലില്‍ അമ്പലങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി അമ്പലങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന വിജയിയുടെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.

ക്ഷേത്രം പണിയാൻ തീരുമാനിച്ച സ്ഥലത്ത് ആദ്യം ആശുപത്രി വരട്ടെ എന്ന് വിജയ് പറയുന്ന ഡയലോഗ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി നടനെതിരെ വ്യക്തിഹത്യ നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ കേസും വന്നിരിക്കുന്നത്.

ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി ജോസഫ് വിജയ് എന്ന് പറഞ്ഞാണ് നടനെതിരെ പ്രകോപനം സൃഷ്ടിച്ചിരുന്നത്.

ജി.എസ്.ടിക്കെതിരായ വിമർശനം ക്ലച്ച് പിടിക്കാത്തതിനാൽ പുതിയ പരാതിയുമായി ‘ചിലർ’ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് വിജയ് ആരാധകരുടെ ആരോപണം.

അതേസമയം മെര്‍സലിനെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് വിജയിയുടെ പിതാവും മുതിര്‍ന്ന സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ ആരോപിച്ചു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”എച്ച്.രാജയെപ്പോലുള്ള ബിജെപി നേതാക്കള്‍ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. ഒരു വ്യക്തിയുടെ മതത്തിന്റെ പേരില്‍ അയാളെ ചോദ്യം ചെയ്യാന്‍ പാടില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല, ഞാന്‍ ഹിന്ദുവല്ല, ഞാന്‍ മുസ്ലിമല്ല, ഞാന്‍ മനുഷ്യനാണ്”, ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മെര്‍സലിനെ ഉപയോഗിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top