‘പൊതുജനത്തെ ഇനിമുതല്‍ സര്‍, മാഡം എന്ന് വിളിക്കണം’ മനുഷ്യാവകാശ കമ്മീഷന്‍

police

കോഴിക്കോട്: പൊലീസുകാര്‍ പൊതുജനത്തെ സര്‍ എന്നും മാഡമെന്നും വിളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

പൊലീസുകാര്‍ പൊതു ജനങ്ങളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എടാ പോടാ വിളികള്‍ നിര്‍ത്തി പൊലീസ് ജനങ്ങളെ സര്‍ എന്നും മാഡം എന്നും വിളിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശിച്ചത്.

കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി. അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മിഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. പൊതു ജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനമൈത്രി പൊലീസ് പോലും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും സര്‍, മാഡം എന്ന ഉപസംബോധന കൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ലെന്നും പി മോഹനദാസ് പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ ഈ മാതൃകയാണ് പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top