Police arrested pulsar sunil-actress assault case

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും പൊലീസ് കസ്റ്റഡിയില്‍.

എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.കീഴടങ്ങാനെത്തിയ പ്രതികളെ കോടതി മുറിയില്‍നിന്നും പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തെ തുടര്‍ന്ന് പ്രതിക്കള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടന്നിരുന്നത്.

സംഭവത്തില്‍ നാല് പേര്‍ മുമ്പ് പിടിയിലായിരുന്നു. പിടികിട്ടാനുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

നടിയെ കാറില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്ത കേസില്‍ ആറ് പ്രതികളെ പൊലീസ് നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവദിവസം തന്നെ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാളാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ ക്വൊട്ടേഷന്‍ സാധ്യത സൂചിപ്പിച്ച് നടി സുനിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിരുന്നു. സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ കൂട്ടു പ്രതി മണികണ്ഠനും ക്വൊട്ടേഷന്‍ സാധ്യതക്ക് ബലമേകുന്ന വിവരങ്ങളാണ് പൊലീസിന് കൈമാറിയിരുന്നത്. കൂട്ടുപ്രതികളായ മറ്റുള്ളവരോട് പക്ഷെ ഇക്കാര്യം സുനില്‍ പറഞ്ഞിരുന്നില്ല.

ആക്രമണത്തിനുശേഷം പള്‍സര്‍ സുനി ഒരു വീടിന്റെ മതില്‍ ചാടികടന്ന് പോവുകയും പിന്നീട് 20 മിനിറ്റിന് ശേഷം പെട്ടി ഓട്ടോയില്‍ മടങ്ങിപോവുകയും ചെയ്യുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തായിരുന്നു. ഗൂഢാലോചന സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാവും ഈ ദൃശ്യങ്ങളെന്നാണ് സൂചന.

ഗോവയില്‍ ഷൂട്ടിംങ്ങ് സമയത്ത് യൂണിറ്റിന്റെ വാഹനം ഓടിച്ചിരുന്ന സുനിലാണ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ നടിക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഒറ്റക്ക് നടിയുമായി പോകുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ പറയണമെന്ന് ഇയാള്‍ മാര്‍ട്ടിനോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്നും ഒരു വിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു പ്രകാരം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മുന്‍കൂട്ടി തന്നെ മാര്‍ട്ടിന്‍ സുനിലിനെ അറിയിച്ചു. തുടര്‍ന്ന് കൊരട്ടി മുതല്‍ വാഹനത്തെ പിന്തുടര്‍ന്നു. ഒത്ത സ്ഥലം ലഭിക്കുന്നതിനായി പതുക്കെയാണ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചിരുന്നത്. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് വച്ച് നടി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വന്ന വാഹനം കൊണ്ട് ചെറിയ പോറലുണ്ടാക്കിച്ചു. തുടര്‍ന്ന് മാര്‍ട്ടിന്‍ വാഹനം നിര്‍ത്തുകയും പിന്നാലെ വന്ന വാഹനത്തിലുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതായി അഭിനയിക്കുകയുമായിരുന്നു.

ഈ സമയം സിനിമാ സ്‌റ്റൈലില്‍ വാഹനത്തില്‍ കയറിയ അക്രമികള്‍ നടി ഇരുന്ന സീറ്റിന്റെ രണ്ട് വശത്തായി കയറി ഇരിക്കുകയും മാര്‍ട്ടിനോട് വാഹനം വിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു.

തുടര്‍ന്ന് നാടകമാണെന്ന് തോന്നാത്ത രൂപത്തില്‍ നിര്‍ബന്ധിക്കപ്പെട്ട ഭാവം മുഖത്ത് വരുത്തി മാര്‍ട്ടിന്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വഴിയില്‍ വച്ചാണ് സുനില്‍ കാറില്‍ കയറിയത്. ഇതിനു ശേഷമായിരുന്നു അക്രമം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

സംസ്ഥാനത്ത് കൊളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പ്രധാന പ്രതിതന്നെ പിടിയിലായതോടെ ഇനി പിന്നിലുള്ള ക്രിമിനല്‍ ഗൂഢാലോചന എന്തായിരുന്നുവെന്നാണ് അറിയാനുള്ളത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാവുന്നതിന് മുന്‍പ് തന്നെ പ്രതിയെ പിടികൂടാന്‍ പറ്റിയതിനാല്‍ ‘പൊലീസ് മുറയില്‍’ തന്നെ പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിക്കും. അറസ്റ്റ് ചെയ്ത പ്രതികളെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

Top