എസ്.എഫ്.ഐക്കാരിയാടാ . . . വർഗീയത ഉയർത്തി മുതലെടുപ്പിന് ശ്രമിച്ചവൻ കുടുങ്ങി

SFI leader

മംഗളുരു: ജാതി-മത-വര്‍ഗ്ഗഭേദമന്യേ ഒറ്റ മനസ്സായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.

വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരോട്ടമുള്ള കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ച് വലിയ കടന്നാക്രമണങ്ങള്‍ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. എന്തിനേറേ കഴിഞ്ഞ ദിവസം മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി സൗഹൃദമുണ്ടായിരുന്ന ധന്യശ്രീ എന്ന പെണ്‍കുട്ടിക്ക് ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായി.

ഇതേ ‘കാര്‍ഡ് ‘ ഉപയോഗിച്ച് എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകക്ക് നേരെ തിരിഞ്ഞ ഹൈന്ദവ സംഘടനകള്‍ക്ക് പക്ഷേ കിട്ടിയത് എട്ടിന്റെ പണിയാണ്.

എസ്.എഫ്.ഐ ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി മാധുരി ബോളാറിനും ജോ. സെക്രട്ടറി ഹംസ കിന്യക്കുമെതിരെ അപവാദ പ്രചരണം നടത്തിയ സംഘ പരിവാര്‍ പ്രവര്‍ത്തകനെ മാധുരിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം എസ്.എഫ്.ഐ റദ്ദാക്കിയിട്ടുണ്ട്.

ബെല്‍ത്തങ്ങാടി കക്കിഞ്ഞെ ശ്രീഹരി എന്ന ഹരീഷ് (22 ) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഹരീഷിനെ റിമാന്റ് ചെയ്തു. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.

ബംഗളൂരുവില്‍ നടന്ന എസ്എഫ്‌ഐ യുടെ പരിപാടിക്ക് പോകവെ ബസില്‍ നിന്നും എടുത്ത ഗ്രൂപ്പ് ഫോട്ടൊ മാധുരി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മാധുരിയും, ഹംസ കിന്യയും മറ്റ് എസ്എഫ്‌ഐ നേതാക്കളായ ഗണേഷ് ബോളാര്‍ ,സുഹാസ് അഡിക എന്നിവരോടൊന്നിച്ചെടുത്ത വിവിധ ഫോട്ടോകള്‍ ഉപയോഗിച്ചാണ് സംഘപരിവാറുകാര്‍ നുണ പ്രചരണം നടത്തുന്നത്.

മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുടെ കൂടെ ചുറ്റുന്നുവെന്നും രണ്ടിനെയും വെറുതെ വിടരുതെന്നുമാണ് ഫോട്ടെയുടെ കൂടെയുള്ള അടികുറിപ്പ്. ഇത് ഫേസ്ബുക്കിലും വാട്‌സ്അപ്പിലും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ മാധുരി ചൊവ്വാഴ്ച ഉച്ചയ്ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ ടി ആര്‍ സുരേഷിന് പരാതി നല്‍കുകയായിരുന്നു.

കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പാണ്ഡേശ്വരം പൊലീസ് ഉടന്‍ കേസെടുത്തു. റിക്കി റിതേഷ് എന്ന പ്രവര്‍ത്തകനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ദാക്ഷായിണി ഷെട്ടി ,ശൈലേഷ് സാ ലിയാന്‍ ,ശ്രീഹരി എന്നിവരുടെ വാട്‌സ് അപ്പ് സ്‌ക്രീന്‍ ഷോട്ടും പരാതിയുടെ കൂടെ സമര്‍പ്പിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ യില്‍ പ്രവര്‍ത്തിക്കുന്ന കാരണമാണ് ഇത്തരം ഭീഷണിക്കു മുന്നില്‍ തളര്‍ന്ന് പോകാത്തതെന്ന് മാധുരി പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സംഘപരിവാറിന്റെ ഭീഷണിയെ തുടര്‍ന്ന് ധന്യശ്രീ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പോലെ മറ്റു പെണ്‍കുട്ടികളും ചെയ്യുമെന്നാണ് സംഘപരിവാര്‍ കരുതുന്നത് ,അതിനായാണ് അവര്‍ സമാന രീതിയില്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നത്.

സംഘ പരിവാറിന്റെ തിട്ടൂരം തള്ളി കളഞ്ഞ് മുഴുവന്‍ പെണ്‍കുട്ടികളും ഭയപ്പെടാതെ മുന്നോട്ട് വരണമെന്നും മാധുരി പറഞ്ഞു. സംഘപരിവാറിന്റെ ഗുണ്ടാ ഗിരിക്കെതിരെ എസ്എഫ് ഐസമരം ചെയ്യുമെന്നും മാധുരി പറഞ്ഞു. സമാന രീതിയില്‍ ചിക്മാംഗ്ലൂര്‍ മൂഡിഗരയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയിലും അവഹേളനത്തിലും മനം നൊന്താണ് ബികോം വിദ്യാര്‍ഥിനിയായ ധന്യശ്രീ ശനിയാഴ്ച്ച തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അനില്‍ അറസ്റ്റിലായിരുന്നു

Top