pm modi says these elections are bjps fight against scam

ലക്‌നൗ: അഴിമതിക്കും കള്ളപ്പണത്തിനും എതിരാണ് സര്‍ക്കാറിന്റെ പോരാട്ടം,രാജ്യഭരണം തന്നെയേല്‍പ്പിച്ചത് ഉത്തര്‍പ്രദേശിലെ ജനങ്ങളാണെന്നും അവരുടെ കടങ്ങളെല്ലാം ഉടന്‍ വീട്ടുമെന്നും പ്രധാനമന്ത്രി .നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംസ്ഥാനത്തിനായി ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ അനുവദിക്കുന്ന പണം ഏതെങ്കിലും വഴിക്കു പോകുമെന്ന് മോദി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിനെ മാറ്റുകയാണെന്നും മോദി വ്യക്തമാക്കി.

ഇന്നലെ വരെ സമാജ്‌വാദി പാര്‍ട്ടിയെ കുറ്റം പറഞ്ഞുനടന്ന കോണ്‍ഗ്രസുകാര്‍, ഇന്ന് അവരുമായി സഖ്യം ചേര്‍ന്നു മല്‍സരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട പേരാണ് മീററ്റെന്ന് അവിടെ നടന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്രസമരത്തെ ഉദ്ദേശിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1857ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയായിരുന്നു നമ്മുടെ പോരാട്ടം. ഇന്നത് ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ്. ഉത്തര്‍പ്രദേശിലെ ഈ തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ച് അഴിമതിക്കെതിരായ (SCAM) പോരാട്ടമാണെന്ന് മോദി പറഞ്ഞു.

S: Samajwadi Ptary (സമാജ്‌വാദി പാര്‍ട്ടി)
C: Congress (കോണ്‍ഗ്രസ്)
A: Akhilesh Yadav (അഖിലേഷ് യാദവ്)
M: Mayawati (മായാവതി)

2022നകം രാജ്യത്തെ എല്ലാ ആളുകള്‍ക്കും വീട് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇപ്പോഴത്തെ നീക്കം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണെന്നും മോദി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തേക്കുറിച്ച് വിശകലനം ചെയ്യുകയും പഠിക്കുകയും നമ്മെ പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ഇവിടെത്തന്നെയുള്ള ചിലയാളുകള്‍ ഇതിനെ സംശയത്തോടെ വീക്ഷിക്കുകയാണ്. ഇത്തരക്കാരെ രാജ്യം ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ടുവരെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം.

Top