pm modi helps man file fir in gurgaon

പട്‌ന: ബിഹാറുകാരനായ രാം ശങ്കര്‍ യാദവിന്റെ മൂന്നു മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ നീതി ലഭിച്ചു.

മൂന്നു മാസം മുമ്പ് തന്നെ പറ്റിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ നീതി തേടി തിരസ്‌കൃതനായ രാം ശങ്കറിന് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് നീതി ലഭിച്ചു.

ജനുവരി രണ്ടിന് ട്രെയിന്‍ യാത്രയ്ക്കിടെയാണ് മൂന്നു പേര്‍ ചേര്‍ന്ന് രാം ശങ്കറിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

മെട്രോ ട്രെയിന്‍ യാത്രക്കിടെ തട്ടിപ്പിനിരയായ രാം ശങ്കര്‍ യാദവ് മൂന്നു പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായെത്തിയെങ്കിലും അവര്‍ പരാതി സ്വീകരിക്കാനോ അന്വേഷണത്തിന് തയ്യാറാവുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭഗവാനെന്നാണ് യാദവ് സംബോധന ചെയ്തത്. കത്തവസാനിപ്പിക്കുന്നത് സ്വയം ഭക്തനെന്ന് വിളിച്ചും.

ഗുഡ്ഗാവിലെ ഒരു കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്ന യാദവ് ബീഹാറിലേക്ക് പോകുന്നതിനായി എം.ജി.റോഡിലെ മെട്രോ സ്‌റ്റേഷനില്‍ എത്തിയപ്പോളാണ് മൂന്നുപേരെ പരിചയപ്പെട്ടത് എന്നു പറയുന്നു. അവര്‍ക്കും ബീഹാറിലേക്കാണ് പോകേണ്ടതെന്ന് പറയുകയും അതിലൊരാള്‍ തന്റെ അമ്മാവന്‍ അവര്‍ക്ക് പോകേണ്ട ട്രെയിനിലെ ടി.ടി.ഇആയതു കൊണ്ട് യാദവിന് ടിക്കറ്റ് എളുപ്പത്തില്‍ സംഘടിപ്പിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ട്രെയിന്‍ യാത്രക്കിടെ കഷ്മിരെ ഗേറ്റ് മെട്രോ സ്‌റ്റേഷനില്‍ ഇറങ്ങാന്‍ മൂവരും യാദവിനെ നിര്‍ബന്ധിക്കുകയും അവിടെ ഇറങ്ങിയ അയാളെ ടിക്കറ്റ് എടുക്കാമെന്ന വ്യാജേന സുഭാഷ് നഗറിലേക്ക് കൂട്ടി പോവുകയും ചെയ്തു. അവിടെ എത്തിയയുടന്‍ യാദവിനെ മര്‍ദിച്ച് കൈയിലുണ്ടായിരുന്ന 2,200 രൂപ തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ നിര്‍ബന്ധിച്ച് അയാളുടെ എടിഎം കാര്‍ഡ് പിന്‍നമ്പര്‍ ചോദിച്ചറിയുകയും എ.ടി.എമ്മില്‍ നിന്ന് 6000 രൂപ പിന്‍വലിക്കുകയും ചെയ്തു. യാദവിന്റെ വിദ്യാഭ്യാസരേഖകളടങ്ങിയ ബാഗ് അവര്‍ കൊണ്ടു പോവുകയും ചെയ്തു.

എന്തായാലും കത്തയച്ച് മൂന്നു മാസത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ മെട്രോ പൊലീസ് സ്‌റ്റേഷന്‍ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും ക്രിമിനല്‍ നിയമത്തിലെ 406,420 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ഗുഡ്ഗാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചതായി അറിയിച്ചു കൊണ്ട് രാംശങ്കറിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പും ലഭിച്ചു.

Top