ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Narendra Modi

ന്യൂഡല്‍ഹി : ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ നാലാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതി ആയോഗ് ഭരണസമിതി ഗുരുതര പ്രശ്‌നങ്ങളെ സഹകരണ മനോഭാവത്തോടെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സമിതിയെ ‘ടീം ഇന്ത്യ’ എന്നും വിശേഷിപ്പിച്ചു.

സമിതി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ പ്രധാന തെളിവാണ് ജി.എസ്.ടി നടപ്പിലാക്കിയത്. നിതി ആയോഗ് കൗണ്‍സിലിന് രാജ്യത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഗവര്‍ണറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ യോഗത്തിനെത്തിയിട്ടില്ല. എല്ലാ കേന്ദ്രമന്ത്രിമാരെയും സെക്രട്ടറിമാരെയും മുഖ്യമന്ത്രിമാരെയും ചീഫ് സെക്രട്ടറിമാരെയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.

അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് നിതി ആയോഗിന്റെ അവസാനത്തെ ജനറല്‍ കൗണ്‍സില്‍ യോഗമായിരിക്കും. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനും വിലയിരുത്താനും കൂടിയാണ് യോഗം. ഗാന്ധിജിയുടെ 150–ാം ജന്മവാര്‍ഷികാഘോഷ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Top