കുല്‍ഭൂഷണ്‍ ജാദവ് കേസിലെ അനുകൂല വിധി ; സുഷമയെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കനുകൂലമായ വിധി നേടിയെടുക്കാന്‍ പോരാടിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.രാജ്യാന്തര കോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയെയും മോദി അഭിനന്ദനം അറിയിച്ചു.

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ജാദവിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയ്ക്കായി കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ പ്രത്യേക അനുമോദനം അര്‍ഹിക്കുന്നു. കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും സുഷമ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് അന്താരാഷ്ട്ര രംഗത്തുണ്ടായ വലിയ വിജയമാണ് വിധിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്‍ണി പറഞ്ഞു. ജാദവിനെതിരായ പട്ടാള കോടതി വിധി ഏകപക്ഷീയവും ക്രൂരവുമായിരുന്നെന്ന് ഈ കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനം നടത്തിയ പാകിസ്താന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് വിധിയെന്നും എ.കെ ആന്റണി പ്രതികരിച്ചു.

ഇന്ത്യയുടേത് വലിയ വിജയമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അറിയിച്ചു.പാകിസ്താന്റെ കപടനാട്യമാണ് വെളിച്ചത്തായത്. ഈ കോടതിവിധി പാകിസ്താന് വലിയ തരിച്ചടിയാണ്. വിദേശകാര്യ മന്ത്രാലയം അടക്കം ഈ വിധി നേടിയെടുക്കാന്‍ സഹായിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. അന്തിമ വിധി ഇന്ത്യയ്ക്കനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകുള്‍ റോത്തഗി പറഞ്ഞു.

കോടതിവിധി മനുഷ്യാവകാശങ്ങളുടെ വിജയമാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അന്താരാഷ്ട്ര കോടതി പാകിസ്താന്റെ നുണകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. പാകിസ്താനേറ്റ കനത്ത തിരിച്ചടിയാണ് വിധി.അന്തര്‍ദേശീയ തലത്തില്‍ പാകിസ്താന്‍ തുറന്നുകാണിക്കപ്പെട്ടു. രാജ്യം മുഴുവന്‍ വിധിയില്‍ സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top